വയറ്റിലെ കത്രികയ്ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടും
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഹർഷിന സമരസമിതി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് തീരുമാനം. കോടതി ചെലവിനുള്ള പണം നാട്ടുകാരിൽ നിന്ന് പിരിച്ചെടുക്കുമെന്നും പൊലീസ് കുറ്റപത്രം സമർപ്പിച്ച ശേഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി നൽകുമെന്നും ഹർഷിന വ്യക്തമാക്കി.
സംഭവത്തിൽ ഡോക്ടർമാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി ലഭിച്ചിരുന്നു. രണ്ട് ദിവസത്തിനകം മെഡിക്കൽ കോളേജ് പൊലീസ് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം നൽകും. നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് ഹർഷിന സെക്രട്ടേറിയറ്റിന് മുന്നിൽ സമരം പ്രഖ്യാപിച്ചിരിക്കെയാണ് ചികിത്സാ പിഴവ് വരുത്തിയ സംഘത്തെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി എത്തിയത്.
2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ സംഘത്തിലുളള ഡോക്ടർ സികെ രമേശൻ, ഡോ എം ഷഹ്ന, മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ എം രഹ്ന, കെജി മഞ്ജു എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയത്. ഇവരുടെ അറസ്റ്റ് നേരത്തെ രേപ്പെടുത്തിയിരുന്നു.
ഐപിസി 338 അനുസരിച്ച് അശ്രദ്ധമായ പ്രവൃത്തി മൂലം മനുഷ്യജീവന് അപകടമുണ്ടാക്കിയെന്ന രണ്ട് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവരെ പ്രൊസിക്യൂട്ട് ചെയ്യാൻ അനുമതി തേടി അന്വേഷണ സംഘം സർക്കാരിന് മുന്നിൽ അപേക്ഷ നൽകിയിട്ടും നടപടി വൈകുന്നതായാരോപിച്ച് ഹർഷിന തുടർ സമരം പ്രഖ്യാപിച്ചിരിക്കെയാണ് അനുകൂല തീരുമാനം വന്നത്. സർക്കാർ അനുമതി ഇതുവരെ നടത്തിയ സമരപോരാട്ടങ്ങളുടെ വിജയമെന്ന് ഹർഷിന പ്രതികരിച്ചു. മതിയായ നഷ്ടപരിഹാരം ലഭിക്കാൻ നിയമപോരാട്ടം തുടരുമെന്നും ഹർഷിന പറഞ്ഞു.