കര്‍ഷകര്‍ക്കു നേരെ ശംഭുവിലും കനൗരിയിലും കണ്ണീര്‍വാതകം പ്രയോഗിച്ച് ഹരിയാന പൊലീസ്
ഡല്‍ഹി: വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ഡല്‍ഹി ചലോ മാര്‍ച്ച് നടത്തുന്ന കര്‍ഷകര്‍ക്ക് നേരെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവിലും കനൗരിയിലും കണ്ണീര്‍വാതകം പ്രയോഗിച്ച് ഹരിയാന പൊലീസ്. ഇന്നും ഡ്രോണ്‍ ഉപയോഗിച്ച് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് കര്‍ഷകരെ നേരിടുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നത് വകവെക്കാതെയാണ് ഇന്നും ഡ്രോണ്‍ പ്രയോഗം.
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം കര്‍ഷകര്‍ ഇന്ന് രാവിലെ 11ഓടെയാണ് മാര്‍ച്ച് പുന:രാരംഭിച്ചത്. സംസ്ഥാന അതിര്‍ത്തികളായ ശംഭു, കനൗരി എന്നിവിടങ്ങളില്‍ ബാരിക്കേഡുകള്‍ കടക്കാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. ബാരിക്കേഡുകള്‍ നീക്കാന്‍ മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനുകളും കര്‍ഷകര്‍ ഇവിടേക്ക് എത്തിച്ചിരുന്നു. കൈകളില്‍ ധരിക്കാനുള്ള കൈയ്യുറകളും കണ്ണീര്‍വാതകം പ്രതിരോധിക്കാനുള്ള മാസ്‌കുകളും വെള്ളം ചീറ്റുന്ന യന്ത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ബുള്‍ഡോസറുകളും ക്രെയിനുകളും ഉടന്‍ മാറ്റണമെന്നും അല്ലെങ്കില്‍ ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹരിയാന പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
അതേസമയം, കര്‍ഷക പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ കര്‍ഷക സംഘടനകള്‍ നീക്കം തുടങ്ങി. സംയുക്ത കിസാന്‍ മോര്‍ച്ച വ്യാഴാഴ്ച യോഗം ചേര്‍ന്ന് സമരത്തിന്റെ ഭാവിപദ്ധതികള്‍ തീരുമാനിക്കുമെന്ന് 2020ലെ കര്‍ഷക പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു. രാജ്യത്തുടനീളമുള്ള കര്‍ഷക സംഘടനകള്‍ സമരം മുന്നോട്ടുകൊണ്ടുപോകുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, കേന്ദ്ര സര്‍ക്കാര്‍ സമരരംഗത്തുള്ള കര്‍ഷകരെ വീണ്ടും ചര്‍ച്ചക്ക് വിളിച്ചു. നാല് തവണ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് അഞ്ചാംവട്ടവും ചര്‍ച്ചക്ക് കേന്ദ്രം തയാറായത്. കര്‍ഷകര്‍ ഉന്നയിക്കുന്ന എല്ലാ വിഷയത്തിലും ചര്‍ച്ച നടത്താന്‍ ഒരുക്കമാണെന്ന് കേന്ദ്ര മന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു. സമാധാനം നിലനിര്‍ത്തിക്കൊണ്ട് ചര്‍ച്ച നടത്തലാണ് പ്രധാനപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച നടത്തിയ നാലാംവട്ട ചര്‍ച്ച പരാജയമായിരുന്നു. കേന്ദ്രം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ഡല്‍ഹി ചലോ മാര്‍ച്ച് താല്‍ക്കാലികമായി രണ്ടു ദിവസത്തേക്ക് നിര്‍ത്തിയിരുന്നു. ചോളം, പരുത്തി, മൂന്നിനം ധാന്യങ്ങള്‍ എന്നിവക്ക് മാത്രം അഞ്ചു വര്‍ഷത്തേക്ക് താങ്ങുവില ഏര്‍പ്പെടുത്താമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. ഇത് കര്‍ഷക സംഘടനകള്‍ ചര്‍ച്ച ചെയ്ത് തള്ളി. ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുംവരെ സമരം തുടരുമെന്നാണ് പ്രഖ്യാപനം.
വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരുക, എം.എസ്. സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍, രാജ്യവാപകമായി കാര്‍ഷിക, കര്‍ഷക തൊഴിലാളി കടം എഴുതിത്തള്ളുക, 2020ലെ സമരത്തിലെ കേസുകള്‍ പിന്‍വലിക്കുക, ലഖിംപുര്‍ ഖേരി കര്‍ഷക കൂട്ടക്കൊലയിലെ ഇരകള്‍ക്ക് നീതി നല്‍കുക, ഇലക്ട്രിസിറ്റി ഭേദഗതി ബില്‍ 2023 പിന്‍വലിക്കുക, സ്വതന്ത്ര വ്യാപാര കരാറില്‍നിന്ന് ഇന്ത്യ പിന്തിരിയുക തുടങ്ങിയവയാണ് സമരത്തിന്റെ ആവശ്യങ്ങള്‍.