ശബരിമലയിലെ തിരക്ക് പഠിക്കാന്‍ 12 അംഗ അഭിഭാഷക സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ തിരക്ക് പഠിക്കാന്‍ 12 അംഗ അഭിഭാഷകസംഘത്തെ നിയോഗിക്കുന്നത് ആലോചിച്ച് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട ഭക്തരുടെ പരാതി പഠിക്കുന്നതിനും തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനുമാണ് അഭിഭാഷക സംഘത്തെ നിയോഗിക്കുക. ശബരിമലയില്‍ ബുക്കിങ് ഇല്ലാതെ ദിവസേന 5,000 മുതല്‍ 10,000 പേര്‍ മല കയറുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അഭിഭാഷക സംഘം ക്യൂ കോംപ്ലക്‌സും മറ്റു വിശ്രമസ്ഥലങ്ങളും സന്ദര്‍ശിച്ചാകും റിപ്പോര്‍ട്ട് തയ്യാറാക്കുക. ക്യൂ കോംപ്ലക്‌സില്‍ അടക്കം ഒരു സൗകര്യവുമില്ലെന്ന് ശബരിമലയില്‍ പോയ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കോടതിയുടെ നീക്കം. തീര്‍ത്ഥാടകരെ തടഞ്ഞ ഇലവുങ്കല്‍ അടക്കം ഭക്ഷണസൗകര്യം ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേയും ഈ വര്‍ഷത്തേയും തിരക്കും കോടതി താരതമ്യപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ദര്‍ശനത്തിനായി ഇത്രയേറെ സമയം കാത്തുനില്‍ക്കേണ്ടി വന്നിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.