'കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാ…' പുതിയ ഒളിയമ്പുമായി എന്‍. പ്രശാന്ത്ഐഎഎസ്
തിരുവനന്തപുരം: അഡീഷനല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ സമൂഹമാധ്യമത്തിലൂടെ നടത്തിയ തുറന്ന വിമര്‍ശനത്തിന് പിന്നാലെ, പുതിയ ഒളിയമ്പുമായി കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്ത് ഐ.എ.എസ്. 'കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാ…' എന്ന തലക്കെട്ടില്‍ പൊതുമേഖലാ സ്ഥാപനമായ കാംകോയുടെ വീഡറിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് പ്രശാന്തിന്റെ കുറിപ്പ്.
'ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പൂര്‍ണ്ണമായും കാംകോയുടെ വീഡര്‍ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞു! ' -എന്നാണ് കുറിപ്പിലുള്ളത്.
2008ല്‍ കോഴിക്കോട് കലക്ടറായിരുന്ന ജയതിലകിനൊപ്പം പ്രബേഷന്‍ അസി. കലക്ടറായിരുന്നു എന്‍. പ്രശാന്ത്. ജയതിലകിനെതിരെ തുടര്‍ച്ചയായ മൂന്നു ദിവസമാണ് രൂക്ഷവിമര്‍ശനവുമായി പ്രശാന്ത് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ഇന്നലെ ആരോപിച്ചത്. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായിരുന്ന ജയതിലകിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സി.ബി.ഐ അഴിമതിവിരുദ്ധ ബ്യൂറോ ശിപാര്‍ശ സംബന്ധിച്ച പത്രവാര്‍ത്ത സഹിതമായിരുന്നു പ്രശാന്തിന്റെ വിമര്‍ശനം.
പ്രശാന്തിനെ കോണ്‍ഗ്രസ് അനുകൂല സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥനായി ചിത്രീകരിക്കാന്‍ ഇടതുമുന്നണിയില്‍നിന്ന് ശ്രമം തുടങ്ങിയിടുണ്ട്. സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ജെ. മേഴ്‌സിക്കുട്ടിയമ്മയും മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ഗോപകുമാറുമാണ് സമൂഹമാധ്യമത്തിലൂടെ പ്രശാന്തിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയും അഴിമതി ആരോപണവുമായി രംഗത്തെത്തിയത്.
ഐ.എ.എസുകാര്‍ക്കിടയിലെ മതാടിസ്ഥാനത്തിലുള്ള വാട്‌സ്ആപ് ഗ്രൂപ് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് 'ഉന്നതി'യിലെ ഫയല്‍ സംബന്ധിച്ച് എന്‍. പ്രശാന്തിനെതിരെ വാര്‍ത്തകള്‍ പുറത്തുവന്നത്. ജയതിലകും ഗോപാലകൃഷ്ണനും ചേര്‍ന്നാണ് പ്രശാന്തിനെതിരായ റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നിലുണ്ട്. ഇതിനിടെയാണ് ദീപാവലിയോടനുബന്ധിച്ച് 'ഹിന്ദു മല്ലു ഓഫിസേഴ്‌സ്' വാട്‌സ്ആപ് വിവാദം സ്‌ക്രീന്‍ഷോട്ട് സഹിതം പുറത്തുവന്നത്. ഇതിലുള്ള പ്രതികാരമായാണ് പ്രശാന്തിനെതിരായ വാര്‍ത്തകളെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രശാന്തിനെതിരെ അഡീഷനല്‍ ചീഫ്‌സെക്രട്ടറി എ. ജയതിലക് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിവാദം തുടങ്ങിയത്. ആദ്യ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചായിരുന്നു പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആഴക്കടല്‍ വില്‍പനയുമായി ബന്ധപ്പെട്ട വാര്‍ത്താ ശേഖരണത്തിന്റെ ഭാഗമായി ഫോണില്‍ ബന്ധപ്പെട്ട ഇതേ പത്രത്തിലെ വനിത മാധ്യമപ്രവര്‍ത്തകക്ക് അശ്ലീല സ്റ്റിക്കര്‍ മറുപടി അയച്ച പ്രശാന്ത് നേരത്തേ വിവാദത്തില്‍പെട്ടിരുന്നു.
അന്ന് ഭാര്യയെ രംഗത്തിറക്കിയാണ് അദ്ദേഹം രക്ഷപ്പെട്ടത്. ജയതിലകിനെതിരായ മൂന്നാംദിവസത്തെ കുറിപ്പില്‍ പൗരന്റെ ഭരണഘടന അവകാശവും വിസില്‍ ബ്ലോവര്‍ നിയമവും ഉദ്ധരിച്ചുള്ള കുറിപ്പില്‍ താന്‍ നിയമം പഠിച്ചതായും ചട്ടമറിയാമെന്നും പറയുന്നു. 'പൊതു സൂക്ഷ്മപരിശോധന ഉണ്ടെങ്കില്‍ മാത്രമേ ന്യായമായത് നടക്കൂ എന്ന സമകാലിക ഗതികേട് കൊണ്ടാണ് റിസ്‌ക്കെടുത്ത് ഒരാള്‍ 'വിസില്‍ ബ്ലോവര്‍' ആവുന്നത്.സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കരുതെന്നാണ് ഐ.എ.എസുകാരുടെ സര്‍വിസ് ചട്ടമെന്നും ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ പത്രത്തെയോ വിമര്‍ശിക്കരുതെന്നല്ല എന്നും പ്രശാന്ത് കുറിപ്പില്‍ പറയുന്നു