തെറ്റ് ചെയ്തിട്ടില്ലെന്ന് പൂർണ ബോധ്യമുണ്ടായിരുന്നു ; കെ.ബാബു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ എം സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയ നടപടിയെ സ്വാഗതം ചെയ്ത് കെ ബാബു എംഎല്‍എ. തെറ്റ് ചെയ്തിട്ടില്ലെന്ന് പരിപൂർണ ബോധ്യമുണ്ടെന്നും ഇനിയെങ്കിലും വിധി അംഗീകരിക്കാന്‍ എല്‍ഡിഎഫും സര്‍ക്കാരും തയ്യാറാകണമെന്നും കെ ബാബു.
തെരഞ്ഞെടുപ്പില്‍ മതചിഹ്നം ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടില്ല. ഒരു സ്ലിപ്പും അടിച്ചിട്ടില്ല. അതെല്ലാം കൃത്രിമമായി ഉണ്ടാക്കിയതാണ്. പൊരുതി നേടിയ വിജയമാണിതെന്നും ഇനിയെങ്കിലും ഇതൊക്കെ ഇടതുമുന്നണി ഒന്ന് മനസിലാക്കണമെന്നും കെ ബാബു പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്തെ വിധി കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്നതാണ് അതുപോലെ തന്നെ ഈ വിധി എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിയാണിതെന്നും കെ ബാബു കൂട്ടിച്ചേർത്തു. മതചിഹ്നങ്ങള്‍ ഉൾപ്പെടുത്തിയുള്ള സ്ലിപ്പ് വിതരണം ചെയ്തത് എതിര്‍ പാര്‍ട്ടിക്കാര്‍ ആയിരിക്കാം എന്നും സുപ്രീം കോടതിയെ സമീപിച്ചാല്‍ അതിനെ നേരിടുമെന്നും കെ ബാബു എംഎല്‍എ വ്യക്തമാക്കി.
അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് നേടിയ കെ ബാബുവിന്റെ വിജയം അസാധുവാക്കി കണക്കാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് എം സ്വരാജ് നൽകിയ ഹർജിയാണ് ഹൈക്കോടതി ജസ്റ്റിസ് പി.ജി.അജിത് കുമാറിന്റെ ബെഞ്ചാണ് തള്ളിയത്. കെ ബാബുവിന് എംഎല്‍എ ആയി തുടരാമെന്നും ഹൈക്കോടതി.