പേടകത്തിലെ ഹീലിയം ചോര്‍ച്ച: സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര വൈകും
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഇനിയും വൈകും. ബഹിരാകാശ പേടകത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിലെടുക്കുന്ന കാലതാമസമാണ് സുനിതയുടെ യാത്ര വൈകിപ്പിക്കുന്നത്.
ബഹിരാകാശ പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിലെ ഹീലിയം ചോര്‍ച്ചയാണ് യാത്ര വൈകാനുള്ള കാരണം. മെയ് 25നാണ് പേടകത്തിന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് മാറ്റിവെക്കുകയാണെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നുമാണ് നാസ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസമായി തങ്ങളുടെ ടീം മീറ്റിങ്ങുകള്‍ നടത്തുകയായിരുന്നു. ഇനിയും ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ളതിനാല്‍ മെയ് 25ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിക്ഷേപണം മാറ്റുകയാണെന്നും ഏറ്റവും അടുത്ത തീയതിക്ക് വിക്ഷേപണം നടത്തുമെന്ന് നാസ അറിയിച്ചു.
മെയ് ഏഴിന് പേടകത്തിന്റെ വിക്ഷേപണം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. ബോയിങ്ങിന്റേയും ലോക്ക്ഹീദ് മാര്‍ട്ടിന്റേയും സംയുക്ത സംരംഭമായ യുണൈറ്റഡ് ലോഞ്ച് അലൈന്‍സ് നിര്‍മിച്ച അറ്റ്‌ലെസ് റോക്കറ്റാണ് ബഹിരാകശ പേടകവും വഹിച്ച് കുതിക്കുക. സുനിത വില്യംസിന് പുറമേ ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശത്തേക്ക് പോകും. രണ്ടാഴ്ചയോളം ഇവര്‍ അന്താരാഷ്ട്ര ബഹിരാകാശനിലയിത്തില്‍ ചിലവഴിക്കും.