ഹേമാ കമ്മിറ്റി റിപ്പോർട്ട്; ഇന്നുച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും
തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും. റിപ്പോർട്ട് പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഹേമ ഹമ്മിറ്റി റിപ്പോർട്ട് പുറത്തു വരും എന്ന് പറയുന്നത്. ചൊവ്വാഴ്ച അവധിയായതിനാൽകൂടിയാണ് റിപ്പോർട്ട് ഇന്ന് പുറത്തുവിടുന്നത്. വിവരാവകാശനിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെയാണ് റിപ്പോർട്ട് കൈമാറുന്നത്. 233 പേജുള്ള റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കികൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടുന്നത്.
സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ ഒഴിവാക്കും. 49–ാം പേജിലെ 96–ാം പാരഗ്രാഫ് ഉണ്ടാകില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കും. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ വെളിപ്പെടുത്തില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിടില്ല. അതേസമയം സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെ ഇന്ന് തന്നെ സിംഗിൾ ബെഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനിയുടെ അഭിഭാഷകൻ പറഞ്ഞു. ചൊവ്വാഴ്ചവരെയാണ് റിപ്പോർട്ട് പുറത്തുവിടാൻ കോടതി സമയം അനുവദിച്ചിരിക്കുന്നത്.