ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് :അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭ ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്ത്രീകളെ ബാധിച്ച വിഷയം ചര്‍ച്ച ചെയ്തില്ലാ എന്ന് പറഞ്ഞാല്‍, അത് സഭക്ക് നാണക്കേടാണെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍ ഉന്നയിക്കാന്‍ കാരണം സ്പീക്കറാണ്. ഈ വിഷയം ചോദ്യമായി താന്‍ സഭയില്‍ നേരത്തെ കൊണ്ടുവന്നിരുന്നു. എന്നാല്‍, ചോദ്യമായി കൊണ്ടുവരേണ്ട വിഷയമല്ലെന്നും സബ്മിഷനായി കൊണ്ടുവരേണ്ടതാണും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. അവതരണാനുമതിയില്ലെങ്കില്‍ എന്തിനാണ് ചോദ്യം അനുവദിച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
അടിയന്തര പ്രമേയം സംബന്ധിച്ച് നിരവധി കീഴ്വഴക്കങ്ങള്‍ സഭയുടെ മുന്നിലുണ്ട്. അനുവദിക്കണോ വേണ്ടയോ എന്ന സ്പീക്കറുടെ വിവേചനാധികാരത്തെ ചോദ്യം ചെയ്യുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. അതു കൊണ്ടാണ് സഭയില്‍ ചര്‍ച്ച അനുവദിക്കാത്തത്. സ്പീക്കറുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭ ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് പ്രതിപക്ഷത്ത് നിന്ന് കെ.കെ. രമയാണ് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ക്കെതിരായ ക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങളുണ്ടെന്നും എന്നാല്‍, സര്‍ക്കാര്‍ കേസുമായി മുന്നോട്ടു പോകുന്നില്ലെന്നും ഇത് സമൂഹത്തില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും കെ.കെ രമ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയത്.
എന്നാല്‍, അടിയന്തര പ്രമേയത്തിന് അവതരണാനുമതി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിഷേധിക്കുകയാണ് ചെയ്തത്. ഹൈകോടതിയുടെ പരിഗണയിലുള്ള വിഷയമായതില്‍ അവതരണാനുമതിയില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
വാക്കൗട്ട് നടത്തിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിയമസഭ കൗരവസഭയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. സഭയില്‍ ചോദ്യം ചോദിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും ചോദ്യത്തിന് മറുപടിയില്ലെന്നും സതീശന്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാറിന് താല്‍പര്യമില്ല. സര്‍ക്കാരും മന്ത്രിയും ലൈംഗിക കുറ്റകൃത്യങ്ങളെ ഒളിച്ചുവെക്കുകയാണ്. ഈ സര്‍ക്കാറിനെ സ്ത്രീകള്‍ എങ്ങനെ വിശ്വസിക്കും. അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യാത്തത് നിയമസഭക്ക് അപമാനമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.