Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്ന് വനിതാ കമ്മീഷന്‍

04:05 PM Aug 22, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: വനിതാ കമ്മീഷന്റെ അധികാര പരിധിക്കകത്തുനിന്ന് കൊണ്ട് പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി എന്താണോ നിര്‍ദേശിച്ചിട്ടുള്ളത് അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി. ഇത്തരം കാര്യങ്ങളില്‍ സ്വമേധയാ കേസെടുക്കാന്‍ കഴിയില്ല. ആര്‍ക്കാണോ പരാതി പറയാനുള്ളത്, ആ പരാതി സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. നിലവിലുള്ള നിയമ വ്യവസ്ഥയില്‍ പരാതിക്കാര്‍ മുന്നോട്ട് വന്നാല്‍ മാത്രമേ നടപടിയെടുക്കാന്‍ കഴിയുകയുള്ളൂവെന്നും പി സതീദേവി മാധ്യമങ്ങളോട് പറഞ്ഞു.

Advertisement

റിപ്പോര്‍ട്ടില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും പരാധിതിയുണ്ടെന്നാണ് മനസിലാക്കുന്നത്. കോണ്‍ഫിഡന്‍ഷ്യലായി പ്രസിദ്ധീകരിക്കപ്പെടാതെ മാറ്റിവെച്ച റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ ഹൈക്കോടതിയില്‍ വരുമ്പോള്‍ കോടതിയ്ക്ക് തന്നെ സ്വമേധയാ കേസെടുക്കാന്‍ സാധിക്കും. പരാമര്‍ശത്തിന് വിധേയമായിട്ടുള്ള ആളുകളുടെ പേരുകള്‍ പ്രസിദ്ധീകരിക്കപ്പെടാത്ത ഭാഗങ്ങളിലുണ്ടെങ്കില്‍ തീര്‍ച്ചയായും മൊഴി നല്‍കിയ സ്ത്രീകളെ കോടതി മുമ്പാകെ വിളിച്ച് ചേര്‍ത്തുകൊണ്ട്, വളരെ കോണ്‍ഫിഡന്‍ഷ്യലായി തെളിവെടുത്തുകൊണ്ട് നടപടികള്‍ സ്വീകരിക്കാനായി സാധിക്കുമെന്നും പി സതീദേവി പറഞ്ഞു.

'എന്ത് തരത്തിലുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ വേണമെന്ന് പറയാന്‍ പരാതിക്കാരായ ആളുകള്‍ മുന്നോട്ട് വരണം. ക്രിമിനല്‍ നടപടി ചട്ടത്തിന്റെ ഭാഗമായാണ് നമ്മുടെ നിയമ വ്യവസ്ഥ ഉള്ളത് എന്നതുകൊണ്ട് തന്നെ പരാതിയില്ലാതെ പൊലീസിന് കേസെടുക്കാന്‍ പറ്റില്ല. പരാതിക്കാരില്ലാതെ കേസെടുത്തുകഴിഞ്ഞാല്‍ അതിന് നിലനില്‍പ്പുണ്ടാകില്ല, അതുകൊണ്ട് പരാതിക്കാര്‍ മുന്നോട്ട് വരാന്‍ തയ്യാറാകട്ടെ. കേരളത്തില്‍ അതിനുള്ള ആര്‍ജവമെങ്കിലും തൊഴില്‍ മേഖലയിലുള്ള ആളുകള്‍ കൈകൊള്ളട്ടെയെന്നാണ് ആഗ്രഹിക്കുന്നത്.

ആത്മാഭിമാനത്തോടുകൂടി പരാതിയുമായി ബന്ധപ്പെട്ട കക്ഷികള്‍ മുന്നോട്ടുവന്നുകഴിഞ്ഞാല്‍ അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല, ഭാവിയില്‍ അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും സിനിമ മേഖലയില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്താനും കഴിയുകയുള്ളൂ. അതിനാവശ്യമായ നിലപാട് എല്ലാവരും സ്വീകരിക്കട്ടെ'.

വനിതാ കമ്മീഷന്‍ ഈ സംസ്ഥാനത്തെ ഏത് തൊഴില്‍ മേഖലയിലുള്ള സത്രീകള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹാരം കാണുന്നതിനായി എക്കാലത്തും ഇടപ്പെട്ടിട്ടുണ്ടെന്ന് സതീദേവി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷം സാംസ്‌കാരിക വകുപ്പ് മുന്‍ കൈ എടുത്ത് തൊഴിലിടങ്ങളില്‍ പരാതി പരിഹാര സംവിധാനം ഉണ്ടാക്കാന്‍ വനിതാ കമ്മീഷനെ കൂടെ ചുമതലപ്പെടുത്തിക്കൊണ്ടാണ് തീരുമാനമെടുത്തിട്ടുള്ളത്. ഇന്ന് എല്ലാ സിനിമ യൂണിറ്റുകളിലും പരാതി പരിഹാര യൂണിറ്റുകള്‍ നിലവില്‍ വന്നിട്ടുണ്ട്. അതുറപ്പുവരുത്താന്‍ വനിതാ കമ്മീഷന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. സിനിമ മേഖലയിലുള്ള എല്ലാ സംഘടനകളേയും വിളിച്ചുകൊണ്ടുള്ള മീറ്റിങ് നടത്തിയിരുന്നു. സാംസ്‌കാരിക വകുപ്പ് മുന്‍കൈ എടുത്ത് നടത്തിയ മീറ്റിങ്ങില്‍ വനിതാ കമ്മീഷനേയും ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരാതി പരിഹാര സമിതി ഉണ്ടായതെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.

Advertisement
Next Article