ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സ്ത്രീപക്ഷ കൂട്ടായ്മ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികള്‍ സംബന്ധിച്ച് കേരള മുഖ്യമന്ത്രിക്ക്, സ്ത്രീപക്ഷ കൂട്ടായ്മ നൂറ്റമ്പത് പേര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സമൂഹത്തിലും സിനിമാ വ്യവസായത്തിലും ശക്തമായ ചലനങ്ങളുണ്ടാക്കി. തങ്ങള്‍ അനുഭവിച്ച ലൈംഗിക പീഡനങ്ങളും തൊഴില്‍ ചൂഷണങ്ങളും തുറന്നു പറയാന്‍ സിനിമാ മേഖലയിലെ പല സ്ത്രീകളും സധൈര്യം മുന്നോട്ട് വന്നുവെന്നതാണ് ഈ ചലനങ്ങളില്‍ ഏറ്റവും ശക്തമായത്. അതിജീവിതമാരെ നിശബ്ദരാക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
സാറ ജോസഫ്, കെ. അജിത, കെ.കെ. രമ എം.എല്‍.എ, കെ.ആര്‍. മീര, ജിയോ ബേബി, അശോകന്‍ ചരുവില്‍, ബെന്യാമിന്‍, വി.കെ. ജോസഫ്, കാഞ്ചന കൊറ്റങ്ങല്‍, ഡോ. ഖദീജ മുംതാസ്, എസ്.കെ. മിനി, എം.എന്‍. കാരശ്ശേരി, സച്ചിദാനന്ദന്‍, ഡോ.ഏ.കെ. ജയശ്രീ തുടങ്ങിയവര്‍ നിവേദനത്തില്‍ ഒപ്പുവെച്ചു.
നിവേദനത്തിന്റെ പൂര്‍ണ രൂപം
കേരളത്തില്‍ അടുത്ത കാലത്ത് പുറത്തു വിട്ട ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സമൂഹത്തിലും സിനിമാ വ്യവസായത്തിലും ശക്തമായ ചലനങ്ങളുണ്ടാക്കി. തങ്ങള്‍ അനുഭവിച്ച ലൈംഗിക പീഡനങ്ങളും തൊഴില്‍ ചൂഷണങ്ങളും തുറന്നു പറയാന്‍ സിനിമാ മേഖലയിലെ പല സ്ത്രീകളും സധൈര്യം മുന്നോട്ട് വന്നുവെന്നതാണ് ഈ ചലനങ്ങളില്‍ ഏറ്റവും ശക്തമായത്. എന്നാല്‍ അതിജീവിതമാര്‍, അവര്‍ അനുഭവിച്ച അതിക്രൂരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍, സൈബറിടങ്ങളിലും പ്രിന്റ് - ദൃശ്യ മാധ്യമങ്ങളിലുമടക്കം അവര്‍ക്കെതിരെ ഹീനമായ വ്യക്തിഹത്യ നടക്കുന്നു. ഇതില്‍ ഞങ്ങള്‍ സ്ത്രീപക്ഷ കൂട്ടായ്മ ശക്തമായി പ്രതിഷേധിക്കുന്നു.
പല പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പേജുകളില്‍ നിന്ന്, അതിജീവിതമാരെ അപമാനിക്കാനായി ഒരേ തരത്തിലുള്ള ഉള്ളടക്കമാണ് പുറത്തു വരുന്നത് . ഇത് ബോധപൂര്‍വ്വവും സംഘടിതവുമായ ആക്രമണമാണ് എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. സ്ത്രീ നീതി പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്. അതിജീവിതമാരെ നിശബ്ദരാക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല.
അതിജീവിതമാരെ താറടിച്ച്, കല്ലേറു നടത്തുന്നവരില്‍ സ്ത്രീ-പുരുഷ ഭേദമില്ല. അതില്‍ നല്ല നടപ്പുകാരെന്ന കപടമായ മൂടുപടം അണിയുന്നവരുണ്ട്. അവര്‍, സ്വാനുഭവം തുറന്നു പറയാന്‍ ധൈര്യം കാട്ടിയവരെ വീണ്ടും വീണ്ടും മുറിവേല്‍പ്പിക്കുകയാണ്. മറ്റു ചിലരാകട്ടെ ഈ വെളിപ്പെടുത്തലുകള്‍ വിനോദ വ്യവസായത്തെ തുലച്ചു എന്ന് മുറവിളികൂട്ടുന്നു. അതിജീവിതമാരല്ല സ്ത്രീ പീഡകരാണ് സിനിമാ വ്യവസായത്തിന് കളങ്കമുണ്ടാക്കിയതെന്ന ഉത്തമ ബോധ്യം ഞങ്ങള്‍ക്കുണ്ട്.
ഏതായാലും കുറ്റവാളികളെ ശാക്തീകരിക്കുന്നത് കണ്ടു നില്‍ക്കാനാകില്ല. കേരളം പോലെയുള്ള ഒരു പരിഷ്‌കൃത സമൂഹത്തില്‍ അപരിഷ്‌കൃതമായ ഈ അന്യായം ഇനി ഒട്ടും അനുവദിച്ചു കൂടാ. ഇതിനായി താഴെ പറയുന്ന ആവശ്യങ്ങള്‍ ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു :
• അതിജീവിതമാരുടെ പരാതികള്‍ വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യണം.
• സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ കാലതാമസം കൂടാതെ സ്വീകരിക്കണം. കുറ്റക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കണം.
• വിനോദ വ്യവസായ രംഗത്തു ജോലി ചെയ്യുന്നവരുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി നിലവിലെ നിയമങ്ങള്‍ അപര്യാപ്തമാകുന്ന സാഹചര്യത്തില്‍, ഈ രംഗത്ത് സമഗ്രമായ നിയമവും, പരാതി നിര്‍വഹണത്തിനായി പ്രത്യേക ട്രിബൂണലും അടിയന്തിരമായി നിലവില്‍ വരുത്തണം .
• പരാതിക്കാര്‍ക്ക് നിയമപരവും മാനസികവുമായ പിന്തുണ നല്‍കാനുള്ള സമഗ്രമായ സര്‍ക്കാര്‍ സംവിധാനം സ്ഥാപിക്കണം.
• തൊഴിലിടങ്ങളില്‍ ചൂഷകരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ തയ്യാറാവാത്തതുമൂലം തൊഴില്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ അടിയന്തിര നടപടി വേണം.
• എല്ലാ സിനിമാ സെറ്റുകളിലും ഇന്റേണല്‍ കമ്മിറ്റികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നുറപ്പുവരുത്താനുള്ള മോണിറ്ററിങ് സംവിധാനം വേണം. നിലവില്‍ മോണിറ്ററിംഗ് സംവിധാനമുണ്ടെങ്കില്‍ അതു കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം.
• നീതിക്ക് വേണ്ടി പോരാടുന്നവര്‍ക്ക് സര്‍ക്കാരിന്റെ സംമ്പൂര്‍ണ്ണ പിന്തുണ ഉറപ്പുവരുത്തണം.
• ചൂഷണരഹിതവും സുരക്ഷിതവുമായ തൊഴില്‍ സാഹചര്യം ഉറപ്പ് വരുത്താനുള്ള നയപരമായ തീരുമാനങ്ങളുണ്ടാവണം, അവ എത്രയും വേഗം നടപ്പിലാക്കുകയും വേണം.
മേല്‍പറഞ്ഞിരിക്കുന്ന ആവശ്യങ്ങള്‍ അടിയന്തിരമായി പരിഗണിച്ചുകൊണ്ട്, നിര്‍ഭയവും സ്വതന്ത്രവുമായി തൊഴിലെടുക്കാനുള്ള സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പാക്കണം.