ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയാകും; തീരുമാനം നിയമസഭാകക്ഷി യോഗത്തിൽ
റാഞ്ചി: ജാമ്യത്തിലിറങ്ങിയ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയാകും. റാഞ്ചിയിൽ ചേർന്ന ജെഎംഎം നിയമസഭാകക്ഷി യോഗം ഹേമന്തിനെ സഭാ നേതാവായി തിരഞ്ഞെടുത്തു. നിലവിലെ മുഖ്യമന്ത്രി ചംപയ് സോറൻ ഇന്ന് വൈകുന്നേരം രാജ്‌ഭവനിലെത്തി ഗവർണർക്ക് രാജി സമർപ്പിക്കും. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്‌ത ഹേമന്ത് കഴിഞ്ഞയാഴ്ചയാണ് ജാമ്യം ലഭിച്ച് ജയിൽ മോചിതനായത്. ജനുവരിയിലാണ് ഹേമന്ത് അറസ്റ്റിലായത്. അറസ്റ്റിന് മണിക്കൂറുകൾക്ക് മുൻപ് ഹേമന്ത് രാജി സമർപ്പിക്കുകയായിരുന്നു. തുടർന്ന്, ഷിബു സോറൻ കുടുംബത്തിലെ വിശ്വസ്‌തനും ജെഎംഎമ്മിലെ മുതിർന്ന നേതാവുമായ ചംപയ് സോറനെ പാർട്ടി മുഖ്യമന്ത്രി സ്ഥാനം ഏൽപ്പിച്ചത്.
ജെഎംഎം നിയമസഭാകക്ഷി യോഗത്തിന് ശേഷം ഇന്ത്യ സഖ്യത്തിലെ നേതാക്കളുമായും ജെഎംഎം നേതാക്കൾ ചർച്ച നടത്തി. ചംപയ് സോറന്റെ വസിതിയിൽ വെച്ചായിരുന്നു യോഗം. കോൺഗ്രസ്, ആർജെഡി നേതാക്കൾക്കും ഹേമന്ത് മുഖ്യമന്ത്രിയാകുന്നതിൽ എതിർപ്പില്ലെന്നാണ് വിവരം.