ബലാത്സംഗ കേസില്‍ വിവാദ ആള്‍ ദൈവം റാം റഹീമിന് പരോള്‍ വിലക്കി ഹൈക്കോടതി
ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിവാദ ആള്‍ ദൈവം ഗുര്‍മീദ് റാം റഹീം സിങ്ങിന് പരോള്‍ നല്‍കുന്നതിനെ വിലക്കി പഞ്ചാബ് – ഹരിയാന ഹൈക്കോടതി. ഗുര്‍മീത് റാം റഹീമിന് തുടര്‍ച്ചയായി പരോള്‍ അനുവദിച്ചതില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ആശങ്ക ഉന്നയിച്ചു.
തുടര്‍ച്ചയായ പരോള്‍ കിട്ടുന്ന ഗുര്‍മീദിന് കോടതിയുടെ അനുമതിയില്ലാതെ ഇനി പരോള്‍ നല്‍കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ബലാത്സംഗക്കേസിൽ 20 വര്‍ഷത്തെ തടവു ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീദിനെ അടുത്തിടെയും 50 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു.
നവംബറില്‍ 23 ദിവസത്തെ പരോള്‍ കൂടാതെയാണ് അടുത്തിടെയും 50 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ പത്ത് മാസത്തിനിടെ ഏഴ് തവണ ഗൂര്‍മീദിന് പരോൾ ലഭിച്ചു.
നാല് വർഷത്തെ ജയിൽ ശിക്ഷയ്ക്കിടയിൽ ഒൻപത് തവണ പരോളിൽ അദ്ദേഹം പുറത്തിറങ്ങി. ഇപ്പോൾ പരോളിലുള്ള ഗുർമീത്, പരോൾ തീരുന്ന ദിവസമായ മാർച്ച് പത്തിന് തിരിച്ചെത്തുന്നെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രതിഭാഗം പറഞ്ഞ തീയതിയില്‍ കീഴടങ്ങിയെന്ന് ചൂണ്ടിക്കാട്ടി ആവശ്യമായ കസ്റ്റഡി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു. കൂടാതെ മുമ്പുള്ള ഇത്തരം ക്രിമിനലുകളില്‍ എത്ര പേര്‍ക്ക് ഇതുവരെ പരോള്‍ അനുവദിച്ചു എന്നതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹരിയാന സര്‍ക്കരിനോട് കോടതി നിര്‍ദ്ദേശിച്ചു.