തൃശൂര്‍ പൂരത്തിന് ആനയും ആളും തമ്മിലുള്ള അകലം 6 മീറ്റർ ആയിരിക്കണമെന്ന് ഹൈക്കോടതി
തൃശൂര്‍ പൂരത്തിന് ആനകളും കാണികളും തമ്മിലുള്ള ദൂര പരിധി ആറ് മീറ്ററാക്കി ഹൈക്കോടതി. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ മുന്നില്‍ നിന്നും ആറ് മീറ്റര്‍ അകലത്തിലായിരിക്കണം തീവെട്ടിയും കുത്തുവിളക്കും.
19-നുള്ള തൃശൂര്‍ പൂരത്തിന് മുന്നോടിയായി അമികസ് ക്യൂറിയുടെ നേതൃത്വത്തില്‍ 18-ന് ആനകളുടെ ഫിറ്റ്‌നസ് രേഖകള്‍ പരിശോധിക്കും. ഇതിനായി മൂന്നംഗ നിരീക്ഷക സംഘത്തെ ഹൈക്കോടതി നിയോഗിച്ചു. അഭിഭാഷകരായ അരുണ്‍ ചന്ദ്രന്‍, സന്ദേശ് രാജ, എന്‍ നാഗരാജ് എന്നിവരുള്‍പ്പെട്ടതാണ് നിരീക്ഷക സംഘം. ആനകളും പൊതുജനങ്ങളും തമ്മിലുള്ള അകല പരിധിയില്‍ ഇളവ് വരുത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദേവസ്വങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പത്ത് മീറ്ററെങ്കിലും അകലം വേണമെന്നായിരുന്നു അമികസ് ക്യൂറിയുടെ നിര്‍ദ്ദേശം. എന്നാല്‍ പത്ത് മീറ്റര്‍ പരിധി അപ്രായോഗികമാണെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ അറിയിച്ചു. പൊതുജനങ്ങളെ പൊലീസ് നിയന്ത്രിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഹൈക്കോടതിയെ അറിയിച്ചു