ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതിയുടെ അനുമതി
കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പാപ്പാഞ്ഞിയുടെ ചുവട്ടില്‍ നിന്ന് 70 അടി അകലത്തില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മ്മിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിക്കുന്ന 40 അടി ഉയരമുള്ള പാപ്പാഞ്ഞി നീക്കാന്‍ നേരത്തെ പൊലീസ് നിര്‍ദേശിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ചൂണ്ടികാട്ടിയായിരുന്നു നീക്കം. ഇതിനെതിരെ സംഘാടകരായ ഗലാ ഡേ ഫോര്‍ട്ട് കൊച്ചി കോടതിയെ സമീപിക്കുകയായിരുന്നു. ഡിസംബര്‍ 31 രാത്രി ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്ത് കത്തിക്കുന്ന പാപ്പാഞ്ഞിക്ക് പുറമെയാണ് വെളിമൈതാനത്തും പാപ്പാഞ്ഞിയെ സ്ഥാപിച്ചത്.
പരേഡ് മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് സുരക്ഷയൊരുക്കാന്‍ മാത്രം ആയിരത്തിലേറെ പൊലീസുകാര്‍ വേണമെന്നും ഇതിന് പുറമെ വെളിമൈതാനത്ത് കൂടി പാപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാപ്രശ്നം ഉണ്ടാക്കുമെന്നുമാണ് പൊലീസ് വാദം. ഇരു മൈതാനങ്ങളും തമ്മില്‍ രണ്ട് കിലോ മീറ്റര്‍ അകലമാണുള്ളത്.
എന്നാല്‍ പാപ്പാഞ്ഞിയെ നീക്കം ചെയ്യാനുള്ള നോട്ടീസ് നല്‍കാന്‍ പൊലീസിന് കഴിയില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എല്ലാ വകുപ്പുകളില്‍ നിന്നും ആവശ്യമായ സുരക്ഷാ അനുമതികള്‍ ലഭിച്ചെന്നും ഹര്‍ജിക്കാര്‍ പറയുന്നു