For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പ്രകോപനപരമായ സാഹചര്യങ്ങള്‍ നേരിടാന്‍ പൊലീസിന് കഴിയണമെന്ന് ഹൈക്കോടതി

08:28 PM Jun 26, 2024 IST | Online Desk
പ്രകോപനപരമായ സാഹചര്യങ്ങള്‍ നേരിടാന്‍ പൊലീസിന് കഴിയണമെന്ന് ഹൈക്കോടതി
Advertisement

കൊച്ചി: പ്രകോപനപരമായ സാഹചര്യങ്ങള്‍ നേരിടാന്‍ പൊലീസിന് കഴിയണമെന്ന് ഹൈകോടതി. ഇതിന് പട്ടാളക്കാരെപ്പോലെ പൊലീസിനെയും പ്രാപ്തരാക്കണം. പൊലീസ് നടപടി ആരെങ്കിലും വിഡിയോ ചിത്രീകരിച്ചാല്‍ പൊലീസ് തടയരുതെന്നും ഇത്തരം നിര്‍ദേശങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. ജനങ്ങള്‍ക്ക് ഇപ്പോഴും പൊലീസ് സ്റ്റേഷനില്‍ കയറിച്ചെല്ലാന്‍ ഭയമുള്ള സാഹചര്യമാണുള്ളത്. ഇതിന് മാറ്റമുണ്ടാകണം. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ പരമാവധി സുതാര്യത കൊണ്ടുവരണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

Advertisement

കോടതി ഉത്തരവുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ അഭിഭാഷകനോട് ആലത്തൂര്‍ എസ്.ഐ അപമര്യാദയായി പെരുമാറിയെന്ന് ആരോപിക്കുന്ന ഹരജിയും ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജികളുമാണ് പരിഗണനയിലുള്ളത്.

കോടതി നിര്‍ദേശപ്രകാരം സംസ്ഥാന പൊലീസ് മേധാവി എസ്. ദര്‍വേഷ് സാഹിബ് ഓണ്‍ലൈനായി ഹാജരായിരുന്നു. റെനീഷിനെതിരെ നിരന്തരം പരാതി ഉയരുന്നത് ചൂണ്ടിക്കാട്ടി ഒരു ഓഫിസര്‍ക്കെതിരെ ഇത്രയേറെ പരാതികളുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. സേനയിലെ ഭൂരിപക്ഷം അംഗങ്ങളും മികച്ച രീതിയില്‍ പെരുമാറുന്നവരാണെന്നും മോശമായി പെരുമാറുന്നവരെ സര്‍വിസില്‍നിന്ന് ഒഴിവാക്കുന്നതടക്കം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പൊലീസ് മേധാവി അറിയിച്ചു.

പൊലീസ് സ്‌റ്റേഷനുകളിലെ സാഹചര്യങ്ങളുടെ കാര്യത്തിലും ഏറെ മാറ്റമുണ്ടെന്നും മാറ്റത്തിനുള്ള ശ്രമം തുടരുകയാണെന്നും വിശദീകരിച്ചു. എന്നാല്‍, ഒറ്റപ്പെട്ട സംഭവമാണെന്നത് ന്യായീകരണമാകില്ലെന്നും പൊലീസിനെ ആധുനികവത്കരിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശങ്ങള്‍പോലും ഉദ്യോഗസ്ഥര്‍ ലംഘിക്കുന്ന സാഹചര്യമുണ്ടെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് റെനീഷിനെതിരായ പരാതികളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹരജിക്കാരോട് നിര്‍ദേശിച്ച കോടതി, രണ്ടാഴ്ചക്കുശേഷം ഹരജി വീണ്ടും പരിഗണിക്കാന്‍ മാറ്റി.

പൊലീസ് ആക്ടിലെ 33-ാം വകുപ്പ് പ്രകാരം ഏത് പൊലീസ് നടപടിയും പൊതുജനങ്ങള്‍ക്ക് ദൃശ്യമായോ ശബ്ദമായോ റെക്കോര്‍ഡ് ചെയ്യാനുള്ള അവകാശമുണ്ടെന്ന് ഈ വര്‍ഷം തുടക്കത്തില്‍ ഡി.ജി.പി ഷെയ്ക് ദര്‍വേഷ് സാഹിബ് ഇറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. മുന്‍ പൊലീസ് മേധാവിമാരുടെ 10 സര്‍ക്കുലറുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. മൊബൈല്‍ ഫോണോ കാമറയോ ഉപയോഗിച്ച് അത്തരത്തില്‍ ഒരാള്‍ പൊലീസ് നടപടി ചിത്രീകരിച്ചാല്‍ തടയാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

Author Image

Online Desk

View all posts

Advertisement

.