ഹൈക്കോടതി കളമശ്ശേരിയിലേയ്ക്ക്: സ്ഥല പരിശോധന 17ന്
കൊച്ചി: എറണാകുളം നഗരത്തിരക്കില്‍ നിന്ന് കളമശേരിയിലെ വിശാലമായ പ്രദേശത്തേക്ക് ഹൈക്കോടതി മാറ്റി സ്ഥാപിക്കാന്‍ ധാരണ. പ്രവര്‍ത്തനം നിലച്ച എച്ച്. എം.ടിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ തിരിച്ചെടുത്ത ഭൂമിയിലെ 27ഏക്കര്‍ സ്ഥലം ജുഡിഷ്യല്‍ സിറ്റിയായി വികസിപ്പിച്ചാണ് ഹൈക്കോടതിയും അനുബന്ധ സ്ഥാപനങ്ങളും മാറ്റുന്നത്. സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിനോട് ചേര്‍ന്നാണ് എച്ച്.എം.ടി ഭൂമി. എറണാകുളം നഗരത്തില്‍ പ്രവേശിക്കാതെ അതിവേഗം എത്തിച്ചേരാനാകും.മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.ജെ. ദേശായിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ധാരണയായത്. തുടര്‍നടപടികള്‍ക്ക് യോഗം രൂപം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.ആവശ്യമെങ്കില്‍ കൂടുതല്‍ ഭൂമി കണ്ടെത്തും.
മറൈന്‍ഡ്രൈവിലെ ഇപ്പോഴത്തെ ഹൈക്കോടതിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് പുതിയ സ്ഥലം.ഹൈക്കോടതി ജഡ്ജിമാര്‍, സംസ്ഥാന മന്ത്രിമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലുള്ള സ്ഥല പരിശോധന ഈ മാസം 17ന് നടക്കും. അതിനുശേഷമേ രൂപരേഖ തയ്യാറാക്കി പദ്ധതി തുക നിശ്ചയിക്കൂ. നിയമമന്ത്രി പി. രാജീവ്, റവന്യൂ മന്ത്രി കെ. രാജന്‍, ഹൈക്കോടതി ജഡ്ജിമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എ. മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യന്‍ തോമസ് എന്നിവരും ഉന്നതോദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു