ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
കൊച്ചി: യാതൊരു കൂടിയാലോചനകളുമില്ലാതെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ സർക്കാർ ആസൂത്രിതമായി തയ്യാറാക്കിയ ശനിയാഴ്ച പ്രവർത്തി ദിനം റദ്ധാക്കിയ ബഹുമാനപ്പെട്ട ഹൈക്കോടതി വിധി സർക്കാരിൻ്റെ ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണെന്ന് കെ പി എസ് ടി എ സംസ്ഥാന കമ്മറ്റി പ്രസ്താവിച്ചു. പുതിയ നയങ്ങൾ നടപ്പിലാക്കുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദകൾ പോലും സർക്കാർ ഈ വിഷയത്തിൽ സ്വീകരിച്ചില്ല. ബഹു. ഹൈക്കോടതിയിൽ തങ്ങളുടെ ന്യായം സമർത്ഥിക്കാൻ സർക്കാർ ശക്തമായ വാദങ്ങൾ കൊണ്ടു വന്നെങ്കിലും അതെല്ലാം കോടതി പൂർണ്ണമായും തള്ളിക്കളഞ്ഞു. പ്രൈമറി, ഹൈസ്കൂൾ മേഖലകളെ രണ്ട് തട്ടാക്കി ഭിന്നിപ്പിക്കാനുള്ള സർക്കാരിൻ്റെ ഗൂഢ ശ്രമവും ഹൈക്കോടതി വിധിയിലൂടെ ഇല്ലാതായി. കാലങ്ങളായി കേരളത്തിൽ മികച്ച രീതിയിൽ നടന്നുവന്നിരുന്ന പൊതുവിദ്യാഭ്യാസ മേഖലയിലെ പരിഷ്ക്കാരങ്ങൾ അതിന് പ്രയോക്താക്കളായ കുട്ടികളെയും അധ്യാപകരെയും വിദ്യാലയങ്ങളെയും മാനിക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങൾ ഉണ്ടായാൽ അത് ഈ മേഖലയെ തകർക്കുമെന്ന അടിസ്ഥാന വിവരം പോലും സർക്കാർ പുലർത്തിയില്ല. ആയിരക്കണക്കിന് മാനേജർമാരിൽ ഒരു മാനേജർമാത്രം നൽകിയ കേസിൽ സർക്കാരിന് വസ്തുത ബോധ്യപ്പെടുത്താൻ കഴിയാതെ പോയത് ഒത്തുകളിയാണെന്ന് കോടതി വിധിയിലൂടെ വ്യക്തമായി. ബഹു. ഹൈക്കോടതി വിധി പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസത്തിൻ്റെ ഭാവിക്ക് വിധി ഗുണകരമാകുമെന്നും സർക്കാരിനൊപ്പം ചേർന്ന് അധ്യാപകരെ വഞ്ചിച്ച ഭരണ വിലാസം സംഘടനകൾ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു. സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ, കെ. രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി. യു. സാദത്ത്, പി എസ് ഗിരീഷ് കുമാർ, സാജു ജോർജ്, പി. വി. ജ്യോതി, ബി ജയചന്ദ്രൻ പിള്ള, ജോൺ ബോസ്കോ, വർഗീസ് ആൻ്റണി,പി എസ് മനോജ് , വിനോദ് കുമാർ, പി. എം നാസർ, ജി. കെ. ഗിരീഷ്, എം. കെ. അരുണ എന്നിവർ സംസാരിച്ചു.