സർക്കാരിന് ഹൈക്കോടതിയുടെ താക്കീത്: ശബരിമലയിൽ സൗകര്യങ്ങളൊരുക്കണം
കൊച്ചി: ശബരിമലയിലെ സർക്കാർ കെടുകാര്യസ്ഥതയ്ക്കു ഹൈക്കോടതിയുടെ താക്കീത്. തീർത്ഥാടകർക്ക് എല്ലാ സഹായങ്ങളും നൽകണമെന്ന് ഹൈക്കോടതി. എൻഎസ്എസ്-എൻസിസി വളണ്ടിയർമാരെ സഹായത്തിന് വിളിക്കാമെന്ന് കോടതി നിർദ്ദേശിച്ചു. കേരളത്തിന് പുറത്തുള്ള എത്ര പേർ സ്പോട്ട് ബുക്ക് ചെയ്യുന്നുണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. സ്പോട്ട് ബുക്കിംഗ് ദിവസവും പതിനായിരത്തിൽ കൂടതലാണെന്നും കേരളത്തിൽ നിന്നാണ് കൂടുതൽ തീർത്ഥാടകർ എത്തുന്നതെന്ന് എഡിജിപി കോടതിയെ അറിയിച്ചു. തിരക്കു മൂലം ശബരിമല ശ്വാസം മുട്ടുകയാണെന്ന് വീക്ഷണമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ വിവിധ ഏജൻസികളും ജനപ്രതിനിധികളും മാധ്യമങ്ങളും വിഷയം ഏറ്റെടുത്തതോടെയാണ് അടിയന്തിരമായി കോടതി ഇടപെടലുണ്ടായത്.
ശബരിമലയിൽ ഒരുക്കിയ സൗകര്യങ്ങൾ ദൃശ്യങ്ങൾ സഹിതം എഡിജിപി ഹൈക്കോടതിയിൽ വിശദീകരിച്ചു. നിലയ്ക്കൽ പാർക്കിംഗ് നിറഞ്ഞെന്ന് എഡിജിപി ഹൈക്കോടതിയെ അറിയിച്ചു. ശബരിപീഠത്തിലും അപ്പാച്ചിമേട്ടിലും തിരക്കാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, അരമണിക്കൂർ കാത്തുനിന്നാണ് ഒരാളും പരാതി പറയില്ലെന്ന് കോടതി പറഞ്ഞു. വെർച്വൽ വ്യൂ വഴി ബുക്ക് ചെയ്യുന്നവർക്ക് സൗകര്യം കിട്ടുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, മണിക്കൂറുകൾ വൈകുമ്പോൾ കുട്ടികളടക്കമുള്ളവർക്ക് സൗകര്യം നൽകണമെന്ന് നിർദ്ദേശിച്ചു. നിലയ്ക്കലിൽ തിരക്കാണെങ്കിൽ മറ്റിടങ്ങളിൽ പാർക്കിംഗ് ഒരുക്കണമെന്നും ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും വോളണ്ടിയർമാരുടെ സഹായം തേടണമെന്നും കോടതി നിർദ്ദേശിച്ചു. ക്യൂ കോംപ്ലക്സുകൾ വൃത്തിയായിരിക്കണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.