ഹയർ സെക്കണ്ടറി പരീക്ഷാഫലം; 78.69 ശതമാനം വിജയം
തിരുവനന്തപുരം: ഈ വർഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 78.69 ആണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.26 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണയുണ്ടായത്.
സയൻസ് വിഭാഗത്തിൽ 84.84%, ഹ്യുമാനിറ്റീസ് 67.09%, കൊമേഴ്‌സ് 76.11% എന്നിങ്ങനെയാണ് വിജയശതമാനം. 4,41,120 വിദ്യാർത്ഥികളാണ് സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷ എഴുതിയത്. ഇവരിൽ 2,94,888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിഎച്ച്എസ്ഇ പരീക്ഷ എഴുതിയത് 29,300 വിദ്യാർത്ഥികളാണ്.
39,242 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇതിൽ 29,818 പേർ പെൺകുട്ടികളാണ്. വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളമാണ്. വയനാട് ആണ് വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല. വൊക്കേഷണൽ ഹയർസെക്കണ്ടറിയിൽ വിജയം 71.42% ആണ്. മുൻവർഷം ഇത് 78.39% ആയിരുന്നു. ഇത്തവണ 6.97% കുറവുണ്ടായി. ജൂൺ 12 മുതൽ 20 വരെയാണ് ഇംപ്രൂവ്മെന്റ്, സേ പരീക്ഷകൾ നടക്കുന്നത്.
പരീക്ഷാ ഫലം അറിയാനുള്ള വെബ്സൈറ്റുകൾ
ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.