ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ തുടങ്ങും.26 വരെയാണ് പരീക്ഷ. മാര്‍ച്ച് നാലിനാണ് എസ് എസ് എല്‍സി പരീക്ഷകള്‍ ആരംഭിക്കുക. റ്റി എച്ച് എസ് എല്‍സി, എ എച്ച് എസ് എല്‍ സി പരീക്ഷകളും മാര്‍ച്ച് നാല് മുതലാകും ആരംഭിക്കുക.4,14,159 വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷം പരീക്ഷയും 4,41,213 വിദ്യാര്‍ത്ഥികള്‍ രണ്ടാം വര്‍ഷം പരീക്ഷയും എഴുതും. 2,017 പരീക്ഷ കേന്ദ്രങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ 1,994 പരീക്ഷാ കേന്ദ്രങ്ങള്‍ കേരളത്തിലും എട്ട് കേന്ദ്രങ്ങള്‍ വീതം ഗള്‍ഫ് മേഖലയിലും ലക്ഷദ്വീപിലുമാണ്.
ആറ് പരീക്ഷാ കേന്ദ്രങ്ങള്‍ മാഹിയിലും സജ്ജമാക്കിയിട്ടുണ്ട്.എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ചീഫ് സൂപ്രണ്ടുമാരെയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും ഇന്‍വിജിലേറ്റര്‍മാരെയും നിയമിച്ച് ഉത്തരവായിട്ടുണ്ട്. ചീഫ് സൂപ്രണ്ടുമാരുടെ ജില്ലാതല യോഗങ്ങള്‍ പരീക്ഷ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു.ഹയര്‍ സെക്കന്ററി പരീക്ഷകളുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നടത്താനായി 52 സിംഗിള്‍ വാല്വേഷന്‍ ക്യാമ്പും 25 ഡബിള്‍ വാല്വേഷന്‍ ക്യാമ്പും ഉള്‍പ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ മൂല്യനിര്‍ണയം നടക്കുമെന്നാണ് സൂചന.