ഹൈറിച്ച് തട്ടിപ്പ്: 3141 കോടി നിക്ഷേപം സ്വീകരിച്ചു, നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: ഹൈറിച്ച് മണി ചെയിൻ തട്ടിപ്പു കേസിൽ ഇതുവരെയുള്ള അന്വേഷണത്തിൽ 3,141 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചെന്ന് വ്യക്തമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ടി.ജെ.വിനോദ് എംഎൽഎയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. കേസിന്റെ അന്വേഷണത്തില്‍ ഏകദേശം 3141,33,91,800 രൂപയാണ് നിക്ഷേപമായി സ്വീകരിച്ചതായി കണ്ടെത്തിയത്. കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. തൃശൂരിലെ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ഹൈറിച്ച് ഓൺലൈൻ ഷോപ്പി എന്ന സ്ഥാപനത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ ഇതര സംസ്ഥാനത്തുനിന്നും നിക്ഷേപകർ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അന്യരാജ്യത്തുള്ളവർ നിക്ഷേപകരായി ഉണ്ടോ എന്നതിനെ സംബന്ധിച്ച് അന്വേഷണം നടക്കുന്നു. അന്തർ സംസ്ഥാന പണമിടപാട് നടന്നതായി വ്യക്തമായിട്ടുണ്ട്. അന്താരാഷ്ട്ര പണമിടപാടുകൾ നടന്നതിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തുക്കൾ കണ്ടു കെട്ടുന്നതിനു ബഡ്സ് കോംപീറ്റന്റ് അതോറിറ്റി ഉത്തരവ് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മാത്യു കുഴൽനാടന്റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടി തൃശൂർ കലക്ടർ സ്വീകരിച്ചു. ഉത്തരവ് സ്ഥിരപ്പെടുത്തുന്നതിനുള്ള അപേക്ഷ കോടതി മുൻപാകെ ഫയൽ ചെയ്തു. സ്ഥാപനത്തിനെതിരെ തൃശൂർ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരികയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.