ഹിൻഡൻബർഗ് റിപ്പോർട്ട്: രാജ്യ വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്, ജെപിസി അന്വേഷണം വേണമെന്ന് കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിലെ
ആരോപണത്തിൽ ജെപിസി അന്വേഷണം വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കുറ്റം ചെയ്തില്ലെങ്കിൽ എന്തിനാണ് ജെപിസിയെ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ നീതിക്ക് വേണ്ടി ജാതി സെൻസസ് വേണമെന്നുള്ള ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് രാജ്യവ്യാപക ക്യാമ്പയിനാണ് കോൺഗ്രസ് നടത്താൻ പോകുന്നത്. വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന നിലപാട് കോൺഗ്രസ് യോഗത്തിൽ ആവർത്തിച്ചെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
സെബി അധ്യക്ഷയ്ക്ക് അദാനി ഷെൽ കമ്പനികളിൽ ഓഹരിയുണ്ടെന്ന വെളിപ്പെടുത്തലിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് കോൺഗ്രസിന്റെ തീരുമാനം. അദാനിയും സെബി മേധാവി മാധബി ബുച്ചും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്ത് വന്ന സ്ഥിതിക്ക് സെബി മേധാവി രാജി വെക്കണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു. വിഷയത്തിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇതിൻ്റെ ഭാഗമായി ഈ മാസം 22ന് ഇഡി ഓഫീസുകൾ ഉപരോധിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അദാനിയുടെ ഓഹരി കുംഭകോണം പ്രധാനമന്ത്രിയുടെ അറിവോടെയാണ് രാജ്യത്തെ സാമ്പത്തിക രംഗം തകർന്ന നിലയിലാണെന്നും കുംഭകോണം വ്യക്തമാകാൻ വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഇന്ന് പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരുന്നു. അഭിഭാഷകനായ വിശാൽ തിവാരിയാണ് സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരായ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം വിമർശനങ്ങൾ ശക്തമാകുമ്പോഴും കേന്ദ്ര സർക്കാർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.