ഹിൻഡൻബർഗ് റിപ്പോർട്ട്; സെബിയുടെ വിശ്വാസ്യത തകർന്നു: രാഹുൽ ഗാന്ധി
സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിൽ പണം എത്തിച്ച നിഴൽകമ്പനികളിൽ നിക്ഷേപം ഉണ്ടെന്ന ഹിൻഡൻബർഗ് ആരോപണത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം. വിഷയം സംയുക്ത പാർലമെൻററി സമിതി അന്വേഷിക്കണമെന്നാണ് ഇന്ത്യ മുന്നണിയുടെ ആവശ്യം. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സെബിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു. സെബിയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നെന്ന് അദ്ദേഹം വിമർശിച്ചു. എന്തുകൊണ്ടാണ് സെബി ചെയർപേഴ്സൺ രാജി വെയ്ക്കാത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
അദാനി ഗ്രൂപ്പുമായി ബന്ധമുള്ള കടലാസ് കമ്പനികളിൽ മാധബിയും ഭർത്താവും നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഹിൻഡൻബർഗിൻ്റെ വെളിപ്പെടുത്തൽ. ബർമുഡ, മൗറീഷ്യസ് എന്നിവിടങ്ങളിലെ കടലാസ് കമ്പനികളിൽ ഇവർ നിക്ഷേപം നടത്തിയെന്നും ഈ കമ്പനികൾ പിന്നീട് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പങ്കാളികളായെന്നുമാണ് ഹിൻഡൻബർഗ് ആരോപിക്കുന്നത്. എന്നാൽ സെബി ഹിൻഡൻബർഗ് റിപ്പോർട്ടിനെ അംഗീകരിക്കുന്നില്ല.