ഗ്യാന്‍വാപി പള്ളിയിലെ ഹൈന്ദവ പൂജ: കോടതി ഉത്തരവ് ആശങ്കാജനകമെന്ന് ഐ എന്‍ എല്‍
കോഴിക്കോട്: വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ആശങ്കാജനകവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നതുമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍.
ജഡ്ജി അജയ് കൃഷ്ണ പദവിയില്‍നിന്ന് വിരമിക്കുന്ന ദിവസം നടത്തിയ വിധി പ്രഖ്യാപനം വന്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നേ വിലയിരുത്താനാവൂ. 1986ല്‍ ബാബറി മസ്ജിദ് പൂജക്കായി തുറന്നുകൊടുത്ത ഫൈസാബാദ് ജില്ലാ കോടതിയുടെ നടപടിക്ക് സമാനമാണിത്. പൂജക്കായുള്ള സജ്ജീകരണം ഒരാഴ്ചക്കുള്ളില്‍ ഒരുക്കണം എന്ന ഉത്തരവ് കേള്‍ക്കേണ്ട താമസം മസ്ജിദിന്റെ ബോര്‍ഡ് മറച്ച് ക്ഷേത്ര ബോര്‍ഡ് സ്ഥാപിച്ചത് കോടതി ഉത്തരവിന് പിന്നിലെ ഭരണകൂട ഗൂഢാലോചന വ്യക്തമാക്കുന്നുണ്ട്.
1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കീഴ്‌ക്കോടതികള്‍, രാജ്യത്തെ വര്‍ഗീയാന്തരീക്ഷണം മുതലെടുത്ത് നീതിപൂര്‍വകമല്ലാത്ത ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത്.
ജനുവരി 22ന്റെ രാമക്ഷേത്ര പ്രതിഷ്ഠക്കു ശേഷം രാജ്യത്ത് രൂപംകൊണ്ട ഹിന്ദുത്വ വിജയാഘോഷങ്ങളാണ് നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളെ കാറ്റില്‍ പറത്താനും പക്ഷപതാപരമായോ വര്‍ഗീയമായോ ചിന്തിക്കാനും കോടതികളെ പ്രേരിപ്പിക്കുന്നതെങ്കില്‍ അതിനെതിരെ മതേതര ജനാധിപത്യ വിശ്വാസികളുടെ ഏകകണ്ഠമായ ശബ്ദം ഉയരേണ്ടതുണ്ടെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനവയില്‍ പറഞ്ഞു.