കാനഡയില്‍ ഹൈന്ദവ ക്ഷേത്രപരിസരത്ത് ആക്രമണം
ബ്രാംപ്ടണ്‍: കാനഡയില്‍ ഹൈന്ദവ ക്ഷേത്രപരിസരത്ത് ആക്രമണം. ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിന്റെ പരിസരത്താണ് ഖാലിസ്ഥാന്‍ കൊടികളുമായി എത്തിയ ആളുകള്‍ ആക്രമണം നടത്തിയത്. ഹിന്ദു സഭാ മന്ദിറില്‍ ദര്‍ശനത്തിനെത്തിയവര്‍ക്ക് നേരെ ഒരുകൂട്ടം ആളുകള്‍ അതിക്രമിച്ച് കയറി വടിയുപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു.
സംഭവത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ശക്തമായി അപലപിച്ചു. അക്രമം അംഗീകരിക്കാനാവില്ലെന്നും ട്രൂഡോ പറഞ്ഞു. ഖാലിസ്ഥാന്‍ വാദികളുടെ ആക്രമണത്തെ കനേഡിയന്‍ പാര്‍ലമെന്റംഗം ചന്ദ്ര ആര്യയും അപലപിച്ചു. 'കനേഡിയന്‍ ഖാലിസ്ഥാനി തീവ്രവാദികള്‍ അതിരുകടന്നു, ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിര്‍ പരിസരത്തില്‍ ഹിന്ദു കനേഡിയന്‍ ഭക്തരുടെ നേരെ ഖാലിസ്ഥാന്‍ നടത്തിയ കടന്നാക്രമണം രാജ്യത്ത് എത്രത്തോളം ആഴത്തില്‍ ഖാലിസ്ഥാന്‍ തീവ്രവാദം വ്യാപിച്ചെന്ന് കാണിക്കുന്നു.' ചന്ദ്ര ആര്യ എക്സില്‍ കുറിച്ചു.
രാഷ്ട്രീയത്തിന് പിറകെ നിയമനിര്‍വഹണ സംവിധാനത്തിലും ഖാലിസ്ഥാനികള്‍ നുഴഞ്ഞുകയറിയതായി സംശയിക്കുന്നതായി ചന്ദ്ര ആര്യ ആശങ്ക പ്രകടിപ്പിച്ചു. കാനഡയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യ നിയമത്തിന്റെ പേരില്‍ ഖാലിസ്ഥാനികള്‍ക്ക് കടന്നുവരാന്‍ സൗജന്യ പാസ് ലഭിക്കുന്നതില്‍ അതിശയമില്ലെന്നും കനേഡിയന്‍ ഹിന്ദു വിഭാഗക്കാര്‍ അവരുടെ അവകാശങ്ങളെ ഉറപ്പാക്കാനും സമൂഹത്തിന്റെ സുരക്ഷയ്ക്ക് രാഷ്ട്രീയക്കാര്‍ ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ ഇടയാകണമെന്നും അദ്ദേഹം പറഞ്ഞു.
കനേഡിയന്‍ പ്രതിപക്ഷ നേതാവ് പിയറെ പൊളിയെവെറെയും ക്ഷേത്രപരിസരത്തെ ആക്രമണത്തില്‍ അപലപിച്ചു. എല്ലാ കാനഡക്കാര്‍ക്കും അവരുടെ മതാചാരം പാലിക്കാന്‍ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതക കേസില്‍ ഇന്ത്യയും കാനഡയും തമ്മില്‍ നയതന്ത്ര പോരാട്ടവും ആരോപണങ്ങളും കാരണം സംഘര്‍ഷഭരിതമായ സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് കാനഡയില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.