ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇന്ത്യയിൽ ഇടമില്ല: കെ വേണു
കൊച്ചി: ഹിന്ദുത്വ രാഷ്ട്രീയത്തിന് രാജ്യത്ത് ഇടമില്ലെന്ന് സാമൂഹ്യ പ്രവർത്തകൻ കെ വേണു. എറണാകുളം ഡിസിസിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി 'ഭിന്നിപ്പിന്റെ വർഗീയ മാർഗ്ഗം, ചേർത്തുനിർത്തലിന്റെ ഗാന്ധിമാർഗ്ഗം' എന്ന വിഷയത്തിലെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിനുവേണ്ടി വാദിക്കുന്ന എല്ലാവർക്കും ഇന്ത്യയുടെ മുന്നോട്ടുപോക്കിൽ ആശങ്കയുണ്ട്. അപ്പോഴും ആശ്വാസം പകരുന്നതായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. അത്ര എളുപ്പത്തിൽ രാജ്യത്തെ മോദിക്കും കൂട്ടർക്കും സ്വന്തമാക്കുവാൻ കഴിയില്ലെന്ന സന്ദേശം കഴിഞ്ഞ തെരഞ്ഞെടുപ്പ് പകർന്നു നൽകി.
ഇന്ത്യൻ ജനാധിപത്യത്തിന് അതിജീവനശേഷി ഉണ്ടെന്ന് മനസ്സിലാക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ്. രാജ്യത്തിന്റെ ജനാധിപത്യം കരുത്തുറ്റതാണെന്ന് ബോധ്യമായി. ഹിന്ദുത്വ അജണ്ടകളെ ഇല്ലായ്മ ചെയ്തു മതസൗഹാർദ്ദം പുലർത്തുവാൻ ഇന്ത്യൻ ജനതയ്ക്ക് കഴിയും. സംഘപരിവാറിന്റെ മലിനമായ ചിന്താഗതികളെ ഇല്ലായ്മ ചെയ്യുവാനുള്ള ഏക മാർഗം ഗാന്ധി പകർന്നു തന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഗാന്ധിയെ കൊന്ന പ്രത്യശാസ്ത്രത്തിന്റെ പേരാണ് വർഗീയതയെന്ന് എൻ ഇ സുനീർ അഭിപ്രായപ്പെട്ടു.
ടെക്നോ ഫ്യൂഡലിസം ആണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഏതുതരം ഇന്ത്യയിലാണ് ജീവിക്കുന്നതെന്ന് മനസ്സിലാക്കുന്ന ഇടത്താണ് യഥാർത്ഥ ഗാന്ധിസം. വർഗീയത എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നതെന്ന് ഇന്റർനെറ്റ് നോക്കിയാൽ മനസ്സിലാകും. വംശീയമായ, സാമൂഹികമായ വിഭാഗീയത വളർത്തുവാൻ വർഗീയ വിഷവിത്തുകൾ ആകുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ഇന്റർനെറ്റും സാങ്കേതികവിദ്യയും ഒന്നും ഇല്ലാതിരുന്ന കാലത്ത് കോടിക്കണക്കിന് ജനങ്ങളെ സ്വാധീനിക്കുവാൻ കഴിഞ്ഞ ആളാണ് മഹാത്മാഗാന്ധി. ഏറ്റവും ശക്തനായ ഭരണാധികാരിയെ തന്റെ പക്ഷത്ത് ചേർക്കുമ്പോഴാണ് താൻ ശക്തി പ്രാപിക്കുന്നത് എന്ന ചിന്തയിൽ നിന്നും മാത്രമാണ് മോദി ഗാന്ധിയെ ചേർത്തുപിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞുമ് ഇന്നത്തെ ഇന്ത്യയുടെ പ്രതിപക്ഷം നേരിടുന്നത് ഭരണകൂട വർഗീയതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.