പാലക്കാട് ജില്ലയ്ക്കും നാളെ അവധി, നെല്ലിയാമ്പതിയിൽ രാത്രി യാത്രയ്ക്ക് നിരോധനം
പാലക്കാട്: കനത്ത കാലവർഷത്തിന്റെ പശ്ചാത്തലത്തില്‍
ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗണവാടികൾ, കിൻറർഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 30) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണെന്നും ജില്ലാ കലക്ടർ ഡോ.എസ് ചിത്ര അറിയിച്ചു.
ജില്ലയിലെ മലയോര മേഖലയായ നെല്ലിയാമ്പതിയിലേക്ക് തിങ്കളാഴ്ച മുതല്‍ രാത്രിയാത്രായ്ക്ക് നിരോധനം. നെല്ലിയാമ്പതി ചുരം പാതയിൽ പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും ഒഴികെയുള്ള രാത്രി യാത്രയ്ക്ക് വൈകുന്നേരം 6 മണി മുതല്‍ രാവിലെ 6 മണി വരെയാണ് നിരോധനം. ഓഗസ്റ്റ് 2 വരെയാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മലയോര മേഖലയില്‍ ശക്തമായ മഴയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്കി.