ഷെയ്ഖ് നവാഫ് അൽഅഹമ്മദ് അൽജാബർ അൽസബ അന്തരിച്ചു. മൂന്നു ദിവസത്തെ പൂർണ്ണാവധി !
കുവൈറ്റ് സിറ്റി : ബഹുമാന്യ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബ അന്തരിച്ചു . 86വയസ്സായിരുന്ന അദ്ദേഹത്തിന്റെ മരണവാർത്ത അമീരി ദിവാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2006 മുതൽ കുവൈറ്റിന്റെ കിരീടാവകാശിയായി സേവനമനുഷ്ഠിച്ചു വന്ന ഷെയ്ഖ് നവാഫ് കഴിഞ്ഞ 2020 സപ്തംബറിൽ അമീർ ഷെയ്ഖ് സഭ അൽ അഹമ്മദ് അൽ സബയുടെ വിയോഗത്തെ തുടർന്ന് കുവൈറ്റിന്റെ പരമാധികാരമുള്ള അമീർ ആയി രാജ്‌ജ്യത്തെ മുന്നോട്ടു നയിച്ചു വരികയായിരുന്നു. അധികാരമേറ്റെടുക്കുന്നതിന് മുമ്പ് ശൈഖ് നവാഫ് പതിറ്റാണ്ടുകളോളം ഉയർന്ന പദവി വഹിച്ചിരുന്നു. 2006-ൽ കിരീടാവകാശിയായി നാമകരണം ചെയ്യപ്പെട്ട അദ്ദേഹം 1990-ൽ ഇറാഖി സൈന്യം എണ്ണ സമ്പന്നമായ കുവൈറ്റിനെ ആക്രമിച്ചപ്പോൾ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചു. സായുധ സംഘങ്ങളുടെ വെല്ലുവിളികളെ അഭിമുഖീകരിച്ച് ആഭ്യന്തര മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു.
കാരുണ്യത്തിനും ഉദാരതക്കും പേരുകേട്ട കുവൈറ്റിന്റെ പാരമ്പര്യത്തിന് അനുസൃതമായി ജനപ്രീതിയാർജ്ജിച്ച അദ്ദേഹം ഏറെ എളിമയ്ക്ക് പ്രശസ്തനായിരുന്നു. മാപ്പിന്റെ അമീർ എന്നാണ് അദ്ദേഹം അറിയപ്പെട്ടത് . ആധുനിക കുവൈറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അനുരഞ്ജനത്തിന്റെ വക്താവായിക്കൊണ്ട്, പൊതുമാപ്പ്, തടവുകാരുടെ മോചനം, പൗരത്വം എന്നിവയിലൂടെലോക ശ്രദ്ധ യാകര്ഷിക്കുകയുണ്ടായി. പാർലമെന്റിൽ പ്രതിപക്ഷത്തോട് സമവായ സമീപനം സ്വീകരിച്ചുകൊണ്ട് എല്ലാ ശബ്ദങ്ങളെയും ഉൾക്കൊള്ളാൻ ശ്രമിച്ചിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത് . ജനങ്ങളുടെ അഭിലാഷത്തിനും ജനാഭിപ്രായത്തിനും വില മഥിച്ചിരുന്ന ബഹു അമീറിന്റെ വിശാലമായ അറബ് മുസ്‌ലിംസമൂഹത്തിനുള്ളിലെ ഏകോപനത്തിന്നായുള്ള അദ്ദേഹത്തിന്റെ പങ്കിനെയും സേവനത്തെയും എന്നും സ്മരിക്കപ്പെടും എന്നുറപ്പാണ്.
കുവൈത്തിന്റെ പുതിയ എമിർ ആയി നിലവിൽ കിരീടാവകാശി കൂടിയായിരുന്ന ബഹുമാന്യ ഷേഖ് മിഷാൽ അൽ അൽ അഹമ്മദ് അൽ സബയെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മന്ത്രാലയങ്ങൾ മൂന്നു ദിവസം പൂർണ്ണമായി അടച്ചിടുന്നതിനു പുറമെ രാജ്‌ജ്യത്ത് നാല്പത് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യം ഒരു ദുഃഖാചരണത്തിലേക്ക് പ്രവേശിക്കുമ്പോൾ, കുവൈറ്റിലെയും അയൽ പ്രദേശത്തെയും ജനങ്ങലളും അറബ് സമൂഹവും അന്തരിച്ച ഷെയ്ഖ് നവാസ് അൽ അഹമ്മദ് അൽ ജാബിർ അൽ സബക്ക് ആദരാജ്ഞലികൾ അർപ്പിക്കുകയാണ്. രാജ്‌ജ്യത്തത്തെക്ക് അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്.