കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് വരുന്നത് അപമാനകരം: ബിനോയ് വിശ്വം
തിരുവനന്തപുരം: ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് കൂറുമാറാന്‍ രണ്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് എന്‍സിപി (ശരദ് പവാര്‍) എംഎല്‍എ തോമസ് കെ.തോമസ് 100 കോടി വാഗ്ദാനം നല്‍കിയെന്ന വാര്‍ത്ത ഗൗരവമുള്ളതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് വരുന്നത് അപമാനകരമാണെന്ന്. ജനപ്രതിനിധികള്‍ക്ക് വില പറഞ്ഞ് ലക്ഷങ്ങളും കോടികളും വെച്ചുനീട്ടി കാളച്ചന്തയിലെ കാളകളെ പോലെ എം.എല്‍.എമാരെ വാങ്ങുന്നത് ഇന്ത്യയുടെ പലഭാഗത്തുമുണ്ട്. എന്നും നാം ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല ഇത്. ഇതേക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടക്കണം -അദ്ദേഹം ആവശ്യപ്പെട്ടു.
എല്‍.ഡി.എഫിലെ ഏകാംഗ കക്ഷി എംഎല്‍എമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍എസ്പി-ലെനിനിസ്റ്റ്) എന്നിവര്‍ക്കാണ് ഏഴുമാസം മുമ്പ് 50 കോടി വീതം തോമസ് കെ. തോമസ് വാഗ്ദാനം ചെയ്തത്. ഇക്കാര്യം ആന്റണി രാജു സ്ഥിരീകരിച്ചുവെങ്കിലും കുഞ്ഞുമോന്‍ നിഷേധിച്ചു.
കോഴവാഗ്ദാനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തോമസ് കെ.തോമസിന്റെ മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത്. സംഭവം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നുവത്രെ. എന്നാല്‍, ആരോപണം നിഷേധിക്കുന്ന കത്ത് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് കൈമാറി.
കഴിഞ്ഞതിനു മുന്‍പത്തെ നിയമസഭ സമ്മേളനകാലത്ത് എം.എല്‍.എമാരുടെ ലോബിയിലേക്കു ക്ഷണിച്ചുകൊണ്ടുപോയാണ് ഇരുവര്‍ക്കും കോടികള്‍ വാഗ്ദാനം നല്‍കിയതത്രെ. തോമസിന് മന്ത്രി പദവി നല്‍കാത്തതില്‍ എന്‍.സി.പിയുടെ സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ മുഖംതിരിച്ച സമയമായിരുന്നു അത്. ശരദ് പവാറും അജിത് പവാറും പിളര്‍ന്നപ്പോള്‍ എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ച് പേരും ചിഹ്നവും സ്വന്തമാക്കാനുള്ള അജിത്തിന്റെ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കുതിരക്കച്ചവട ശ്രമം. മുന്നണി മര്യാദ ലംഘിച്ചുള്ള ഈ നീക്കം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതാണ് എ.കെ. ശശീന്ദ്രനു പകരം തോമസിനെ മന്ത്രിയാക്കാനുള്ള എന്‍സിപിയുടെ ആവശ്യം തള്ളാന്‍ ഇടയാക്കിയത്.
വാഗ്ദാനം ലഭിച്ചതിനെക്കുറിച്ച് പിണറായി അന്വേഷിച്ചപ്പോള്‍ ആന്റണി രാജു സ്ഥിരീകരിച്ചു. 250 കോടിയുമായി അജിത് പവാര്‍ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു. എല്‍ഡിഎഫിന്റെ ഭാഗമായാണു ജയിച്ചതെന്നും അതു വിട്ടു മറ്റൊന്നിനുമില്ലെന്നും മറുപടി നല്‍കിയതായും അറിയിച്ചു. 'മുഖ്യമന്ത്രി എന്നെ വിളിപ്പിച്ചു. ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ അദ്ദേഹത്തിനു കൈമാറിയിട്ടുണ്ട്. തല്‍ക്കാലം കൂടുതല്‍ പറയാനില്ല' -അദ്ദേഹം പറഞ്ഞു. എന്നാല്‍, തോമസ് കെ.തോമസ് ചര്‍ച്ച നടത്തുകയോ വാഗ്ദാനം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ പറഞ്ഞു.
അജിത് പവാറുമായി ഒരു ബന്ധവുമില്ലെന്നും ഇങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും തോമസ് കെ.തോമസും പ്രതികരിച്ചു. '50 കോടി വീതം വാഗ്ദാനം ചെയ്യാന്‍ ഞാനാരാണ് ? ഇത് കുട്ടനാട് സീറ്റില്‍ നേരത്തേ മത്സരിച്ചിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിനുവേണ്ടി ആന്റണി രാജു കളിക്കുന്ന കളിയാണ്' -തോമസ് പറഞ്ഞു. ഇതേക്കുറിച്ച് ഇന്ന് വൈകീട്ട് മൂന്നുമണിക്ക് കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.