ആലിംഗന സീന്‍ 17 തവണ റീ ടേക്ക്: കാസ്റ്റിംഗ് കൗച്ചുണ്ടെന്നും വെളിപ്പെടുത്തല്‍
തിരുവനന്തപുരം: മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സിനിമ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമാണ് നടക്കുന്നത്. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. വഴങ്ങാത്തവര്‍ക്ക് അവസരങ്ങള്‍ ലഭിക്കില്ല. ചൂഷണം ചെയ്യുന്നവരില്‍ പ്രമുഖ നടന്മാരുമുണ്ട്. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു. സഹകരിക്കുന്നവര്‍ക്ക് പ്രത്യേക കോഡുണ്ട്. വിട്ടുവീഴ്ച ചെയ്യുന്നവരെ കോപറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കുന്നു. പരാതി പറയുന്നവരെ പ്രശ്‌നക്കാരായി കാണുന്നു. ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദമുണ്ടാകുന്നു. ആലിംഗനം ചെയ്യുന്ന സീന്‍ 17 തവണ വരെ എടുപ്പിച്ച് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും മൊഴിയുണ്ട്.
സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണ്. നിര്‍മാതാക്കളും സംവിധായകരുമെല്ലാം അടങ്ങുന്ന 15 അംഗ ഒരു പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ നിയന്ത്രണത്തിലാണ് മലയാള സിനിമ ലോകം. വിലക്ക് തീരുമാനിക്കുന്നത് ഈ സംഘമാണ്. സിനിമ രംഗത്തുള്ളത് പുറത്തേക്കുള്ള തിളക്കം മാത്രമാണ്. സിനിമയില്‍ കടുത്ത ആണ്‍കോയ്മ നിലനില്‍ക്കുന്നു. അവരെ രണ്ടാംതരക്കാരായി പരിഗണിക്കുന്നു. സ്ത്രീകള്‍ വ്യാപക അരക്ഷിതാവസ്ഥ നേരിടുന്നു. പലപ്പോഴും ശുചിമുറി പോലും നിഷേധിക്കുന്നു. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ലഭിക്കുന്നില്ല. നടിമാരുടെ മുറികളില്‍ മുട്ടുന്നത് പതിവാണ്. നടിമാര്‍ ജീവഭയം കാരണം തുറന്നുപറയാന്‍ മടിക്കുന്നുവെന്നും മൊഴികള്‍ കേട്ടത് വേദനയോടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മലയാള സിനിമയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനാണ് റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നാണ് സര്‍ക്കാരിന് കൈമാറിയത്.