ശബരിമലയില്‍ വന്‍ തിരക്ക്: സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി, അവധി ദിനത്തിലും പ്രത്യേക സിറ്റിംഗ്
കൊച്ചി : ശബരിമലയില്‍ വന്‍ തിരക്ക് അനുഭവപ്പെടുകയും വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞിട്ടതിനെ തുടര്‍ന്ന് ഭക്തര്‍ക്ക് അസൗകര്യം നേരിടുകയും ചെയ്ത സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ അടിയന്തരമായി ചെയ്തുകൊടുത്ത് പരിഹരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.
അവധി ദിനത്തില്‍ പ്രത്യേക സെറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ ഇക്കാര്യത്തില്‍ പ്രത്യേകമായ നിര്‍ദേശം നല്‍കിയത്. തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വാഹനങ്ങള്‍ നിയന്ത്രിച്ചായിരുന്നു കടത്തിവിട്ടത്. വൈക്കം, പാലാ, പൊന്‍കുന്നം സ്ഥലങ്ങളില്‍ തടഞ്ഞു വച്ചിരിക്കുന്ന ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഭക്ഷണവും വെള്ളവുമില്ലാത്ത സ്ഥിതിയുണ്ടെങ്കില്‍ പരിഹരിക്കണമെന്നും പ്രശ്നത്തില്‍ നേരിട്ടിടപെടാന്‍ സംസ്ഥാന പോലീസ് മേധാവിയോട് നിര്‍ദേശിക്കുകയും ചെയ്തു.
യാതൊരു ബുക്കിംഗും ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണമെന്നും പറഞ്ഞു. തിരക്ക് കൂടിയതോടെ 20 വാഹനങ്ങള്‍ വീതമായിരുന്നു എരുമേലി ഭാഗത്തേക്ക് കടത്തിവിട്ടത്. വാഹനങ്ങള്‍ വെള്ളം പോലും കിട്ടാന്‍ സൗകര്യങ്ങള്‍ ഇല്ലാത്തിടത്ത് തടഞ്ഞിട്ടെന്നും വെള്ളവും ആഹാരവും കിട്ടാതെ ഭക്തര്‍ വലഞ്ഞെന്നുമായിരുന്നു പരാതി. ക്രിസ്തുമസ് അവധികൂടി വന്നതിനാല്‍ വഴിയില്‍ കടകള്‍ പോലുമില്ലാത്ത സ്ഥിതി വന്നത് ഭക്തര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു.