മനുഷ്യജീവന് പ്രാധാന്യം നൽകണം, പണക്കിഴികൊണ്ട് പ്രശ്നപരിഹാരമാകില്ല ; മാർ റാഫേൽ തട്ടിൽ
വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. വന്യമൃഗങ്ങൾക്ക് കൊടുക്കുന്നതിനേക്കാൾ സംരക്ഷണം മനുഷ്യർക്ക് കൊടുക്കാൻ സർക്കാർ തയ്യാറാകണം. കാട്ടുമൃഗങ്ങൾക്കു ജീവിക്കാൻ അവകാശമുണ്ട്. പ്രകൃതി സംരക്ഷിക്കപ്പെടണം ഇക്കാര്യത്തിലൊന്നും സഭ എതിരല്ല, എന്നാൽ വന്യജീവികളേക്കാൾ പ്രാധാന്യം മനുഷ്യജീവന് നൽകേണ്ടതുണ്ട്. പടമലയിൽ കാട്ടാന ആക്രമണത്തിൽ മരണമടഞ്ഞ അജീഷിൻറെ കുടുംബത്തെ സന്ദർശിച്ച ശേഷം അദ്ദേഹം സംസാരിയ്ക്കുകയായിരുന്നു.
എന്റെ അനുശോചനം കൊണ്ടോ സർക്കാർ അനുശോചനം കൊണ്ടോ അജീഷിന്റെ കുടുംബത്തിന്റെ ദുഖം തീരില്ല. അപകടകാരികളായ ആനകളെ പ്രത്യേകം മാറ്റണം. മരണകാരണമാകുന്ന ഇത്തരം ആനകളെ തുറന്നുവിടുന്നത് അപകടമാണ്. ഞാൻ തൃശൂരിൽ നിന്നാണ് വരുന്നത്. ഗുരുവായൂർ ദേവസ്വത്തിന്റെ ആനക്കോട്ടയിൽ നാൽപ്പതോളം ആനകളുണ്ട്. അവയെല്ലാം ഭംഗിയായി സംരക്ഷിക്കപ്പെടുന്നുണ്ട്. അക്രമകാരികളായ ആനകളെ ഇത്തരം കേന്ദ്രങ്ങളിലാക്കണം. നഷ്ടപരിഹാരം നൽകുന്നതിൽ പിശുക്ക് കാണിക്കേണ്ടതില്ല തുക നൽകി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞതായി കരുതുകയും വേണ്ട. കുട്ടികൾക്ക് സ്കോളർഷിപ്പും പ്രായമായവർക്ക് പെൻഷൻ നൽകുന്നതും സർക്കാർ പരിഗണിക്കണം. പണക്കിഴി നല്കിയതുകൊണ്ട് പ്രശ്നപരിഹാരമാകുന്നില്ല. വേണ്ട നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട സർക്കാരും വകുപ്പ് മേധാവികളും ശ്രദ്ധപുലർത്തണം - മാർ റാഫേൽ തട്ടിൽ പറഞ്ഞു. കാട്ടാന ആക്രമണത്തിൽ മരണമടഞ്ഞ പാക്കം പോളിൻ്റെ വീട്ടിലും കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥിയായ ശരത്തിൻ്റെ വീട്ടിലും മാർ റാഫേൽ തട്ടിൽ സന്ദർശനം നടത്തി.