നേമത്ത് പ്രസവചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍
തിരുവനന്തപുരം: നേമത്ത് പ്രസവ ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. ചികിത്സ നല്‍കാതിരുന്ന ഭര്‍ത്താവ് നയാസിനെയാണ് നേമം പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേസില്‍ അക്യുപങ്ചര്‍ ചികിത്സ അറിയാവുന്ന നയാസിന്റെ ആദ്യ ഭാര്യയിലെ മകളെയും മരിച്ച ഷമീനക്ക് അക്യുപങ്ചര്‍ ചികിത്സ നല്‍കിയ ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറന്മൂട് സ്വദേശി ഷിഹാബിനെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. വീട്ടില്‍ പ്രസവിക്കാന്‍ നയാസ് നിര്‍ബന്ധിച്ചെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
വീട്ടില്‍ നടന്ന പ്രസവത്തിനിടെ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് കാരയ്ക്കാമണ്ഡപം വെള്ളായണിയില്‍ വാടകക്ക് താമസിക്കുന്ന ഷമീന (36)യും നവജാത ശിശുവുമാണ് മരിച്ചത്. ഇന്നലെ ഉച്ചക്കാണ് ഷമീനക്ക് പ്രസവ വേദനയുണ്ടായയത്.അമിത രക്തസ്രാവമുണ്ടായ ഷമീന ബോധരഹിതയായി. ഉടന്‍ തന്നെ പ്രദേശവാസികള്‍ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മാതാവും കുഞ്ഞും മരണപ്പെട്ടിരുന്നു. അക്യുപങ്ചര്‍ ചികിത്സയാണ് ഷമീനക്ക് നല്‍കിയിരുന്നത്.പാലക്കാട് സ്വദേശിനിയായ ഷമീനയും പൂന്തുറ സ്വദേശിയായ നയാസും രണ്ടാം വിവാഹിതരാണ്. ഇരുവര്‍ക്കും ആദ്യ വിവാഹത്തില്‍ മക്കളുണ്ട്. ഷമീനക്ക് നയാസില്‍ രണ്ട് മക്കളുണ്ട്.