ഐഎഎസ് കോച്ചിങ് സെന്ററുകള്‍ മരണമുറികളായി മാറുന്നു: സുപ്രീം കോടതി
ന്യൂഡല്‍ഹി: ഡല്‍ഹി ഐ.എ.എസ് കോച്ചിങ് സെന്ററിലെ വിദ്യാര്‍ഥികളുടെ മുങ്ങിമരണത്തില്‍ സുപ്രീം കോടതി കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസ് അയച്ചു. കോച്ചിങ് സെന്ററുകള്‍ മരണമുറികളായി മാറുകയാണെന്നും വിദ്യാര്‍ഥികളുടെ ജീവിതം കൊണ്ട് കളിക്കുകയാണെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഡല്‍ഹിയിലെ മുഖര്‍ജി നഗര്‍ ഏരിയയിലെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ വ്യാപനം സംബന്ധിച്ച ഡല്‍ഹി ഹൈകോടതിയുടെ നിര്‍ദേശങ്ങള്‍ ചോദ്യം ചെയ്ത് കോച്ചിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. അപ്പീല്‍ തള്ളുകയും കോച്ചിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. കോച്ചിങ് സെന്ററുകള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അവ ഓണ്‍ലൈന്‍ മോഡിലേക്ക് മാറ്റണമെന്ന് കോടതി നിര്‍ദേശിച്ചു. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറുമെന്നും കോടതി പറഞ്ഞു.
കോച്ചിങ് സെന്ററുകളില്‍ സുരക്ഷാ ചട്ടങ്ങള്‍ നടപ്പാക്കുന്നുണ്ടോയെന്ന് ചോദിച്ച് കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി ചീഫ് സെക്രട്ടറിക്കും കോടതി നോട്ടീസ് അയച്ചു. കഴിഞ്ഞ മാസമാണ് ഡല്‍ഹിയിലെ ഐ.എ.എസ് അക്കാദമി ബേസ്മെന്റിലെ വെള്ളക്കെട്ടില്‍ മൂന്ന് ഉദ്യോഗാര്‍ഥികള്‍ മുങ്ങി മരിച്ചത്. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാറോ കേന്ദ്ര സര്‍ക്കാറോ ഇതുവരെ ഫലപ്രദമായ നടപടി സ്വീകരിച്ചുവെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല. ഡല്‍ഹി ഐ.എ.എസ് കോച്ചിങ് സെന്ററിലെ വിദ്യാര്‍ഥികളുടെ മരണം എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.