ഐസിയു പീഡനം : അതിജീവിതക്കൊപ്പം നിന്ന നഴ്‌സിങ് ഓഫീസറെ സ്ഥലം മാറ്റി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡന കേസില്‍ അതിജീവിതയ്ക്ക് നീതിലഭിക്കാന്‍ പിന്തുണ നല്‍കിയ നഴ്‌സിങ് ഓഫീസറെ സ്ഥലംമാറ്റി ആരോഗ്യവകുപ്പ്. കേസില്‍ അതിജീവിതയുടെ പരാതിക്കൊപ്പം നിന്ന് പ്രതിക്കെതിരെ നിലകൊണ്ട സീനിയര്‍ നഴ്‌സിംഗ് ഓഫീസറായ പി.ബി.അനിതയെ ആണ് വകുപ്പു തല നടപടി എന്ന പേരില്‍ ഇടുക്കി മെഡിക്കല്‍ കോളേജിലെക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. ഇവര്‍ക്ക് പുറമേ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ , നഴ്‌സിംഗ് സൂപ്രണ്ട് എന്നിവരെയും ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റി. അനിതയുടെ നിരുത്തരവാദപരമായ സമീപനവും ഏകോപനമില്ലായ്മയുമാണ് മൊഴിമാറ്റാന്‍ അതിജീവിതയെ ഭീഷണിപ്പെടുത്താന്‍ കാരണമായതെന്ന വിചിത്ര വാദമാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഇത് പരിഗണിച്ചാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടപടി സ്വീകരിച്ചത്. അതേ സമയം സിപിഎം അനുകൂല സംഘടനയില്‍പ്പെട്ട പ്രതികള്‍ക്കെതിരെ നിലപാട് എടുത്തതിനുള്ള പ്രതികാര നടപടിയാണ് അനിതയുടെ സ്ഥലം മാറ്റമെന്നാണ് സെറ്റോ ഉള്‍പ്പെടെ ആരോപിക്കുന്നത്. അതിജീവിതയെ അനുകൂലിച്ചതിന്റെ പേരില്‍ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. സ്ഥലം മാറ്റുമെന്നും സസ്പെന്‍ഡ് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ഭരണാനുകൂല സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയന്‍ ജില്ലാ നേതാവ് ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ഇവര്‍ മുന്‍പ് ആശുപത്രി സൂപ്രണ്ടിന് പരാതിയും നല്‍കിയിരുന്നു. ഭരണാനുകൂല സര്‍വീസ് സംഘടന തന്നെയാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്നാണ് വിവരം. നിലവില്‍ അന്യായമായ സ്ഥലംമാറ്റ ഉത്തരവിനെതിരെ സെറ്റോവിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.