ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
തിരുവനന്തപുരം: ക്ഷാമബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻജിഒ അസോസിയേഷൻ കോടതിയെ സമീപിച്ചപ്പോൾ ക്ഷാമബത്ത പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ കുടിശ്ശികയില്ലെന്ന് പരിഹാസരൂപേണ കോടതിയിൽ നിലപാടെടുത്ത സർക്കാർ 2021 ജനുവരി മുതലുള്ള 39 മാസത്തെ കുടിശിക കൂടി അനുവദിക്കാൻ തയ്യാറാകണമെന്നും കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടുമെന്നും കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡചവറ ജയകുമാർ അറിയിച്ചു.
അടുത്ത മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കുന്ന 3% ക്ഷാമബത്തയുടെ 40 മാസത്തെ കുടിശ്ശിക ലഭിക്കാനുണ്ട്. ചട്ടം 300 അനുസരിച്ച് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം ജലരേഖ ആകുകയാണ്.
വർഷത്തിൽ രണ്ട് ഗഡു ക്ഷാമബത്ത കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നു.
കേന്ദ്രത്തിൽ പ്രഖ്യാപിച്ചാൽ ഉടൻതന്നെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ക്ഷാമബത്ത കൃത്യമായി നൽകിവന്നു.
എന്നാൽ ഇപ്പോൾ വർഷം തോറും ഉള്ള മുഖ്യമന്ത്രി ഉറപ്പുനൽകിയ രണ്ട് ഗഡുവും ലഭിക്കേണ്ടതാണ്. ഇതൊന്നും അനുവദിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
2019ലെ ശമ്പള പരിഷ്കരണത്തിൽ പിഎഫിൽ ലയിപ്പിച്ച ക്ഷാമബത്ത കുടിശ്ശികയിൽ നിന്നും വായ്പയെടുക്കുന്നത് നിഷേധിച്ചുകൊണ്ട് രഹസ്യ നിർദ്ദേശം കൊടുത്തവർ സർക്കാർ ജീവനക്കാരോടും അധ്യാപകരോടും കടുത്ത വഞ്ചനയാണ് കാട്ടിയത്. ആറ് ഗഡുക്കളിലായി 19 ശതമാനം ക്ഷാമബത്ത കുടിശ്ശികയായത് കേരളത്തിൻറെ ചരിത്രത്തിൽ ഇന്നേ വരെ ഉണ്ടായിട്ടില്ല. ക്ഷാമബത്തയും അതിൻ്റെ കുടിശികയും നിഷേധിക്കുന്നതു വഴി പതിനായിരം കോടി രൂപ യുടെ ആനുകുല്യങ്ങളാണ് സർക്കാർ വകമാറ്റിയെടുക്കുന്നത്. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ഇല്ല എന്ന് ആവർത്തിച്ചു പറയുന്ന ധനമന്ത്രി എന്തുകൊണ്ട് ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുന്നില്ല എന്നത് വ്യക്തമാക്കണം.
ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല.
2019 ജൂലൈ പ്രാബല്യത്തിൽ നടത്തിയ പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശിക നാല് ഗഡുക്കളായി നൽകുമെന്ന് വാഗ്ദാനം നൽകി ആദ്യം വഞ്ചിച്ചു.2024 ജൂലൈയിൽ പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടത്തേണ്ടതായിരുന്നുവെങ്കിലും അത് നിഷേധിച്ച ശമ്പള പരിഷ്കരണത്തിനായി ഒരു കമ്മിറ്റിയെ വയ്ക്കാൻ പോലും തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ സർക്കാർ ഇനിയും അലംഭാവം കാണിക്കരുത്. കുടിശ്ശികയായ 19% ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ ഉടൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.