'ബിജെപിയില്‍ ചേര്‍ന്നാല്‍ വിലക്കെല്ലാം പിന്‍വലിക്കും'; പ്രതികരണവുമായി ബജ്‌റംഗ് പുനിയ
ന്യൂഡല്‍ഹി: ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) നാലുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ രൂക്ഷമായി പ്രതികരിച്ച് ഗുസ്തി താരം ബജ്റംഗ് പുനിയ. വിലക്ക് ഉണ്ടായതിൽ അദ്ഭുതമില്ലെന്നും ബിജെപിയില്‍ ചേരുകയാണെങ്കിൽ വിലക്ക് പിന്‍വലിക്കുമെന്നും പുനിയ പ്രതികരിച്ചു.
'രാഷ്ട്രീയ ഗൂഢാലോചനയുടെയും വ്യക്തി വൈരാഗ്യത്തിന്റെയും ഫലമാണ് നാല് വർഷത്തെ വിലക്ക്. ഇത് തന്നെ ഒരിക്കലും ഞെട്ടിച്ചില്ല. കാരണം ഇത്തരം നടപടികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്നതാണ്. നാഡയ്ക്ക് സാമ്പിള്‍ അയയ്ക്കാന്‍ വിസമ്മതിച്ചിട്ടില്ലെന്ന് ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ളതാണ്. സാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചിട്ടില്ലെന്നും സാംപിള്‍ എടുക്കാന്‍ കാലാവധികഴിഞ്ഞ കിറ്റുമായി വന്നതുകൊണ്ടാണ് സഹകരിക്കാതിരുന്നതെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചിരുന്നു.
കാലാവധി കഴിഞ്ഞ കിറ്റുകള്‍ ഒരു കളിക്കാരനും പരിശോധനയ്ക്ക് വേണ്ടി നല്‍കരുത്. അങ്ങനെ ചെയ്യുന്നത് അവിടെയുണ്ടായിരുന്ന എന്റെ സുഹൃത്തുക്കള്‍ കാണുകയും ചെയ്തിട്ടുണ്ട്. 2023ല്‍ മാത്രമല്ല 2020, 2021, 2022 വര്‍ഷങ്ങളിലും അവര്‍ കാലാവധി കഴിഞ്ഞ കിറ്റുകളുമായാണ് പരിശോധനയ്ക്ക് എത്തിയത്. ഞാന്‍ സാമ്പിള്‍ നല്‍കിയതിന് ശേഷം സുഹൃത്തുക്കള്‍ കിറ്റ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതാണെന്ന് മനസ്സിലായത്. ഉടനെ ഒരു വീഡിയോ ചിത്രീകരിച്ച് നാഡയ്ക്ക് അയച്ചുകൊടുക്കുകയും വിളിച്ച് അറിയിക്കുകയും ചെയ്തു. എന്നാല്‍ സ്വന്തം തെറ്റ് സമ്മതിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല'എന്നും പുണ്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഗുസ്തി താരവും ടോക്കിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ ബജ്റംഗ് പുനിയയ്ക്ക് നാഡ നാല് വര്‍ഷം വിലക്കേര്‍പ്പെടുത്തിയത്. ദേശീയ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സിനായി ഉത്തേജക മരുന്ന് പരിശോധനക്ക് സാമ്പിള്‍ നല്‍കിയില്ലെന്ന് കാണിച്ചാണ് നാല് വര്‍ഷത്തേക്ക് പുനിയയെ നാഡ വിലക്കിയിരിക്കുന്നത്.