Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'ദൈവത്തെ ആശ്രയിച്ചാല്‍ സമ്മര്‍ദങ്ങളെ നേരിടാനാകൂ': അന്നയുടെ മരണത്തില്‍ വിചിത്ര പ്രതികരണവുമായി നിര്‍മ്മല സീതാരാമന്‍

09:28 PM Sep 22, 2024 IST | Online Desk
Advertisement

ചെന്നൈ: വീടുകളില്‍ നിന്ന് കുട്ടികള്‍ക്ക് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ച് കൊടുക്കണം. ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂവെന്നുമാണ് അന്നയുടെ മരണത്തില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ വിചിത്ര പ്രതികരണം. ചെന്നൈയിലെ സ്വകാര്യ കോളേജിലെ ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു നിര്‍മല സീതാരാമന്‍.

Advertisement

'രണ്ട് ദിവസം മുന്‍പ് ജോലി സമ്മര്‍ദം കാരണം ഒരു പെണ്‍കുട്ടി മരണപ്പെട്ടതായി വാര്‍ത്ത കണ്ടു. കോളേജുകള്‍ വിദ്യാര്‍ത്ഥികളെ നന്നായി പഠിപ്പിക്കുകയും ക്യാംമ്പസ് റിക്രൂട്ട്മെന്റിലൂടെ അവര്‍ക്ക് ജോലി നേടി കൊടുക്കുകയും ചെയ്യുന്നുണ്ട്. എത്ര വലിയ ജോലി നേടിയാലും സമ്മര്‍ദങ്ങളെ നേരിടാന്‍ വീട്ടില്‍ നിന്നും പഠിപ്പിക്കണം. എങ്ങനെ സമ്മര്‍ദങ്ങളെ നേരിടണമെന്ന് വീട്ടില്‍ നിന്നാണ് പഠിക്കേണ്ടത്. സമ്മര്‍ദങ്ങളെ നേരിടാന്‍ ഒരു ഉള്‍ശക്തി ഉണ്ടാകാണം. ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂ', - കേന്ദ്ര ധനമന്ത്രി പറഞ്ഞു.

അതേസമയം, അമിതജോലിഭാരം കാരണം യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. ജോലി ഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതില്‍ അതീവ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് വിശദമായ അന്വേഷണ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. നാല് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ട് മാസം മുന്‍പാണ് അന്ന കുഴഞ്ഞുവീണു മരിച്ചത്. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. എറണാകുളം കങ്ങരപ്പടി പേരയില്‍ സിബി ജോസഫിന്റെയും അനിത അഗസ്റ്റിന്റെയും മകളാണ് ഉന്നതനിലയില്‍ പരീക്ഷകള്‍ ജയിച്ച അന്ന. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പാസായതോടെ നാലുമാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. ആദ്യ ജോലിയുടെ ആവേശവുമായി മാര്‍ച്ച് 19ന് പൂനെയിലെ ഇ.വൈ ഓഫീസിലെത്തി. ജൂലായ് 20ന് അവിടെ ഹോസ്റ്റലിലായിരുന്നു അന്ത്യം.

അന്നയുടെ മാതാവ് അനിത അഗസ്റ്റിന്‍ എണസ്റ്റ് ആന്‍ഡ് യംഗ് കമ്പനിയുടെ ചെയര്‍മാനെഴുതിയ ഹൃദയഭേദകമായ കത്ത് ദേശീയ മാദ്ധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. ഇതോടെയാണ് യുവതിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. ഉറങ്ങാന്‍പോലും സമയം കിട്ടാത്ത ജോലി. അനാരോഗ്യകരമായ തൊഴില്‍മത്സരം. അതാണ് അന്നയെ തളര്‍ത്തിയതെന്നും സംസ്‌കാര ചടങ്ങില്‍ പോലും കമ്പനിയില്‍ നിന്നാരും പങ്കെടുത്തില്ലെന്നും കുടുംബം പറഞ്ഞിരുന്നു.

Tags :
featurednationalnews
Advertisement
Next Article