Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഐഎഫ്എഫ്‌കെയ്ക്ക് നാളെ തുടക്കം: നാനാ പടേക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും

05:32 PM Dec 07, 2023 IST | Online Desk
Advertisement

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-ാമത് ഐ.എഫ്.എഫ്.കെയ്ക്ക് ഡിസംബര്‍ എട്ട് വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. മികച്ച നടനും മികച്ച സഹനടനുള്ള മൂന്ന് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഹിന്ദി നടന്‍ നാനാ പടേക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും. കെനിയന്‍ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മേയര്‍ ആര്യ രാജേന്ദ്രന്‍ സമ്മാനിക്കും. ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം 28ാമത് ഐ.എഫ്.എഫ്.കെയിലെ പാക്കേജുകള്‍ പരിചയപ്പെടുത്തി സംസാരിക്കും.

Advertisement

ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാര്‍, അന്താരാഷ്ട്ര മല്‍സര വിഭാഗം ജൂറി ചെയര്‍പേഴ്‌സണും പോര്‍ച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കന്‍ പാക്കേജ് ക്യുറേറ്റര്‍ ഫെര്‍ണാണ്ടോ ബ്രണ്ണര്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സംവിധായകന്‍ ശ്യാമപ്രസാദ്, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്‍. ജേക്കബ്, അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.

ഫെസ്റ്റിവല്‍ കാറ്റലോഗ് മധുപാലിന് നല്‍കി വി.കെ പ്രശാന്ത് എം.എല്‍.എ. പ്രകാശനം ചെയ്യും. ഡെയ്‌ലി ബുള്ളറ്റിന്‍ ഷാജി എന്‍. കരുണിന് നല്‍കി അഡ്വ. ഡി.സുരേഷ് കുമാര്‍ പ്രകാശനം ചെയ്യും. അക്കാദമി ജേണല്‍ ചലച്ചിത്രസമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പിന്റെ പ്രകാശനകര്‍മ്മം പ്രേംകുമാറിന് നല്‍കിറസൂല്‍ പൂക്കുട്ടി നിര്‍വഹിക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ 'ഗുഡ്‌ബൈ ജൂലിയ' പ്രദര്‍ശിപ്പിക്കും. മുഹമ്മദ് കോര്‍ദോഫാനി സംവിധാനം ചെയ്ത ഈ സിനിമ കാന്‍ ചലച്ചിത്രമേളയില്‍ ഔദ്യോഗിക സെലക്ഷന്‍ ലഭിച്ച ആദ്യ സുഡാന്‍ ചിത്രമാണ്. മുപ്പതിലധികം അന്താരാഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം സുഡാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്നു.ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി അഞ്ചു മണി മുതല്‍ ആറു മണി വരെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും കര്‍ണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാല്‍ നയിക്കുന്ന സ്ത്രീ താല്‍ തരംഗിന്റെ 'ലയരാഗ സമര്‍പ്പണം' എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും. ഘടം, വയലിന്‍, മൃദംഗം, മുഖര്‍ശംഖ്, വായ്ത്താരി എന്നിവ സമന്വയിപ്പിച്ചുകൊണ്ട് അഞ്ച് സ്ത്രീകള്‍ അവതരിപ്പിക്കുന്ന സംഗീതപരിപാടിയാണ് ഇത്.

Advertisement
Next Article