ഇലന്തൂർ നരബലികേസ്; രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ഇലന്തൂരിലെ ഇരട്ടനരബലി കേസിലെ രണ്ടാം പ്രതിയായ ലൈല ഭഗവല്‍സിംഗിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റീസ് സോഫി തോമസ് ആണ് ഹര്‍ജി പരിഗണിച്ചത്.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലൈല കോടതിയെ സമീപിച്ചത്. സമൂഹത്തെ ഞെട്ടിച്ച കേസാണിതെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. നേരത്തേ വാദം പൂര്‍ത്തിയായ കേസിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്.
എറണാകുളം കാലടി സ്വദേശിനി റോസ്ലിന്, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന തമിഴ്നാട് സ്വദേശിനി പത്മ എന്നിവരെ ഒന്നാം പ്രതിയായ പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹങ്ങള്‍ പല കഷണങ്ങളാക്കി വീടിന്റെ പല ഭാഗത്ത് കുഴിച്ചിടുകയായിരുന്നു.