തൊഴിൽ നിയമങ്ങൾ സൃഷ്‌ടിച്ചതിലും സംരക്ഷിച്ചതിലും
കോൺഗ്രസ് പ്രതിബദ്ധത കാട്ടി: എളമരം കരീം
തൃശൂർ: 2014ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്ത് തൊഴിൽ നിയമങ്ങളിലും തൊഴിൽ സംരക്ഷണത്തിലും വലിയ മാറ്റങ്ങളാണു സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. അതിനു മുൻപുണ്ടായിരുന്ന മിക്കവാറും കോൺഗ്രസ് ഗവണ്മെന്റുകൾ അനുവദിച്ചു തന്ന ഒട്ടേറെ ആനുകൂല്യങ്ങളും തൊഴിൽ സംരക്ഷണ നിയമങ്ങളും ഇപ്പോഴത്തെ നരേന്ദ്ര മോദി സർക്കാർ അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു. ഐഎൻടിയുസി സംസ്ഥാന സമ്മേളനത്തിനു തുടക്കം കുറിച്ച് ജവഹർ ബാലഭവൻ ഹാളിൽ "ഇന്നത്തെ ഇന്ത്യയും തൊഴിലവകാശങ്ങളും" എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരിക്കുന്ന സർക്കാരുകളുടെ മുഖം നോക്കാതെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പൊതു വേദിയിൽ ട്രേഡ് യൂണിയനുകൾ ഒന്നിച്ചു നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഐഎൻടിയുസിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും എളമരം കരീം അഭിപ്രായപ്പെട്ടു. ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രി ആയിരിക്കെ സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് അടക്കമുള്ള ദേശീയ സമരങ്ങൾക്ക് അവരാണ് നേതൃത്വം നൽകിയത്. എന്നാൽ, ബിജെപി ഭരണത്തിലെത്തിയപ്പോൾ ഈ പൊതുധാരയിൽ നിന്ന് ബിഎംഎസ് പിന്നോട്ടു പോയതിനെ അദ്ദേഹം കുറ്റപ്പെടുത്തി.
മുതിർന്ന ട്രേഡ് യൂണിയൻ നേതാവും മുൻഎംഎൽഎയും മുൻ എംപിയുമായ സി. ഹരിദാസ് സെമിനാർ ഉദ്ഘാടനം ചെയ്തു. മത മൗലിക താത്പര്യങ്ങൾക്കു പിന്നാലെ പോകാതെ തൊഴിൽ സംരക്ഷണത്തിനും മതേതരത്വത്തിനും ഊന്നൽ നൽകാൻ തൊഴിലാളികൾ മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പി.ജെ. ജോയി എക്സ് എംഎൽഎ ബിഎംഎസ് മുൻ അഖിലേന്ത്യ പ്രസിഡന്റ് അഡ്വ. സജി നാരായണൻ, എഐടിയുസി ജില്ലാ പ്രസിഡന്റ് കെ.എസ്. സുധീഷ്, എസ്ടിയു പ്രസിഡന്റ് എം. റഹമത്തുള്ള എന്നിവർ പ്രസംഗിച്ചു. തൃശൂർ പ്രസ്ക്ലബ് പ്രസിഡന്റ് ഒ. രാധിക മോഡറേറ്റായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫ് നന്ദി പറഞ്ഞു.
സമ്മേളനത്തിന് ഇന്നലെ വൈകുന്നേരം പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പതാക ഉയർത്തി.
സമ്മേളനത്തിന്റെ ഭാഗമായി ഇന്നു വൈകുന്നേരം തൃശൂർ നഗരത്തിൽ ലക്ഷം തൊഴിലാളികൾ പങ്കെടുക്കുന്ന പ്രകടം നടത്തും. തുടർന്നു ചേരുന്ന പൊതു സമ്മേളനം സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാൽ ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് ഡോ. ജി. സഞ്ജിവ റെഡ്ഡി ഭദ്രദീപം തെളിയിക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എംഎൽഎ, ശശി തരൂർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, ബെന്നി ബഹന്നാൻ എംപി, രമ്യ ഹരിദാസ് എംപി, ടി.എൻ. പ്രതാപൻ എംപി, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, പി.സി. വിഷ്ണു നാഥ് എംഎൽഎ തുടങ്ങിയവർ പ്രസംഗിക്കും. നാളെ രാവിലെ 10നു നടക്കുന്ന പ്രതിനിധി സമ്മേളനം ഡോ. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും.