വയനാടിൻ്റെ കാർഷികമണ്ണിൽ വീണ്ടുമൊരു പൂപ്പൊലി കാലത്ത്
പൂക്കളെ സ്നേഹിക്കുന്നവരെ വരവേൽക്കാൻ വയനാട്ടിലെ അമ്പലവയൽ ഒരിക്കൽ കൂടി പൂവണിയുന്നു.കേരള കാർഷിക സർവകലാശാലയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് അന്താരാഷ്ട്ര പുഷ്പമേള, ‘പൂപ്പൊലി -2024 ‘ ന് പുതുവത്സര ദിനത്തിൽ വർണ്ണാഭമായ തുടക്കമായി. വൈവിധ്യമാർന്ന അലങ്കാര വർണ്ണപുഷ്പങ്ങളുടെ അത്ഭുതകരമായ പ്രദർശനം, കൃഷി ഉയരങ്ങളിലേക്ക് എന്ന സന്ദേശം നൽകുന്ന വെട്ടിക്കൽ ഗാർഡനുകൾ, റോക്ക് ഗാർഡൻ, റോസ് ഗാർഡൻ, സൺഫ്ലവർ ഗാർഡൻ, അമ്യൂസ്മെൻ്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയവയാണ് മേളയുടെ പ്രധാന ആകർഷണം. കൂടാതെ കാർഷിക മേഖലയിലെ ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന പതിനഞ്ചോളം കാർഷിക സെമിനാറുകളും നടത്തപ്പെടുന്നു. കേരളത്തിൻറെ നാനാഭാഗത്തുനിന്നും നിരവധി കർഷകരാണ് സെമിനാറിന് എത്തിച്ചേരുന്നത്. കൂടാതെ സംശയനിവാരണത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വിവിധ സർക്കാർ- അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും കർഷകർ, സംരംഭകർ എന്നിവരുടെയും സ്റ്റാളുകളാണ് പ്രദർശനമേളയിൽ ഒരുക്കിയിരിക്കുന്നത്. പുഷ്പാലങ്കാരം, വെജിറ്റബിൾ കാർവിങ്, അഗ്രി ക്വിസ്,കുക്കറി ഷോ, പെറ്റ് ഷോ, ഫ്ലവർ ബോയ് ഫ്ലവർ ഗേൾ തുടങ്ങി നിരവധി ഇനം മത്സരങ്ങളും ഈ പുഷ്പോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 8:30 വരെയാണ് പുഷ്പ നഗരിയിൽ സന്ദർശകർക്ക് പ്രവേശനം ഉള്ളത്. പൂപ്പൊലി 2024 കാണാൻ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര പാക്കേജ് ഒരുക്കി കെഎസ്ആർടിസിയും കൂടെ തന്നെയുണ്ട്. പൂക്കളുടെ വർണ്ണപ്പൊലിമയിൽ തിളങ്ങുന്ന പൂപ്പൊലി നഗരിയെ മാലിന്യമുക്തമാക്കാൻ ഹരിത പെരുമാറ്റ ചട്ടങ്ങൾ പാലിക്കുവാനും ഏറെ ശ്രദ്ധിക്കുന്നു.