ഇനാക്ടസ്-ഐഐടി ഡൽഹി എസ്‌ഐബി ഫിനത്തോൺ; ഇപ്പോള്‍ അപേക്ഷിക്കാം
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കും ഇനാക്ടസ്-ഐഐടി ഡൽഹിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഹാക്കത്തോണ്‍ മത്സരം എസ്‌ഐബി ഫിനത്തോണില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. ഐഐടി വിദ്യാര്‍ത്ഥികള്‍, എഞ്ചിനീയറിങ് വിദഗ്ധര്‍, ടെക്‌നോളജി തല്‍പ്പരര്‍ തുടങ്ങി ഏതു മേഖലകളില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം. 18 വയസ്സ് തികഞ്ഞിരിക്കണം. ഗെയ്മിഫിക്കേഷന്‍, വെര്‍ച്വല്‍ ബ്രാഞ്ച്, ഹൈപ്പര്‍ പേഴ്‌സനലൈസേഷന്‍ ഓഫ് മൊബൈല്‍ ആപ്പ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് എസ്‌ഐബി ഫിനത്തോൺ പ്രോഗ്രാമിങ് മത്സരം അരങ്ങേറുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10.
ബാങ്കിങ് മേഖലയിലെ നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രതിബദ്ധതയില്‍ നിന്നാണ് എസ്‌ഐബി ഫിനത്തോൺ രൂപമെടുത്തത്. ഓണ്‍ലൈന്‍ സ്‌ക്രീനിങ് ആന്റ് ഷോട്ട്‌ലിസിറ്റിങ് റൗണ്ട്, ഗ്രാന്‍ഡ് ഫിനാലെ എന്നീ രണ്ടു ഘട്ടങ്ങളിലായാണ് ഹാക്കത്തോണ്‍ നടക്കുക. എന്‍ട്രികള്‍ വിദഗ്ധരടങ്ങുന്ന സമിതി വിലയിരുത്തിയ ശേഷം, ഏറ്റവും നൂതനവും ആകര്‍ഷകവുമായ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന മികവുറ്റ 15 ടീമുകള്‍ക്ക് ഐഐടി ഡൽഹിയിൽ നടക്കന്നു കോ-ക്രിയേഷന്‍ ക്യാംപില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഈ ക്യാംപില്‍ ഐഐടി ഡൽഹി ഫാക്കല്‍റ്റിയുടേയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റേയും ഹാക്കത്തോണ്‍ പങ്കാളികളായ മൈന്‍ഡ്‌ഗേറ്റ് സൊലൂഷന്‍സ്, വണ്‍കാര്‍ഡ്, ഓസ്ട്ര എന്നിവിടങ്ങളില്‍ നിന്നുമുള്ള വിദഗ്ധരുടേയും ഗൈഡന്‍സും മെന്റര്‍ഷിപ്പും ലഭിക്കും. 2023 നവംബര്‍ 4, 5 തീയതികളില്‍ ഡൽഹി ഐഐടി ക്യാമ്പസിലാണ് ഗ്രാന്‍ഡ് ഫിനാലെ അരങ്ങേറുക. മത്സരത്തില്‍ മുന്നിലെത്തുന്ന മൂന്ന് ടീമുകൾക്കുമായി ആകെ ആറ് ലക്ഷം രൂപ പാരിതോഷികം ലഭിക്കും.
ബാങ്കിങ് രംഗത്തെ സാങ്കേതിക മുന്നേറ്റങ്ങളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നും മുന്നിലുണ്ട്. നൂതനാശയങ്ങളും കൂട്ടായ പരിശ്രമങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതാണ് എസ്‌ഐബി ഫിനത്തോൺ പ്രതിനിധീകരിക്കുന്നത്. യുവ പ്രതിഭകളേയും മികച്ച ആശയങ്ങളേയും പരിപോഷിപ്പിക്കുകയും അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വേദിയൊരുക്കുകയുമാണ് ഈ ഹാക്കത്തോണിന്റെ ലക്ഷ്യം. എസ്‌ഐബി ഫൈനത്തോണിലൂടെ പുതിയ തലമുറയേയും പുതുതലമുറ സംരംഭകരേയും ശാക്തീകരിക്കുകയും അവരുടെ ക്രിയാത്മക ചിന്തകള്‍ക്ക് പിന്തുണ നല്‍കി, ബാങ്കിങ് മേഖലയുടെ ഭാവിയെ തന്നെ നിര്‍ണയിക്കുന്ന, സമൂഹത്തില്‍ ഗുണപരമായ സ്വാധീനം ചെലുത്തുന്ന മികച്ച ആശയങ്ങളെ പുറത്തെത്തിക്കുകയുമാണ് ചെയ്യുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് എസ്ജിഎമ്മും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ സോണി എ പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ ബാങ്കുമായുള്ള ഈ സഹകരണം ഇനാക്ടസ്-ഐഐടി ഡൽഹിക്ക് മികച്ച അനുഭവമായിരിക്കും. ഈ പങ്കാളിത്തത്തിലൂടെ ബാങ്കിന്റെ പുരോഗമന കാഴ്ച്ചപ്പാടും യുവ പ്രതിഭകളുടെ അതിരുകളില്ലാത്ത ക്രിയാത്മകതയും സംയോജിക്കുകയാണ്. പരിധികള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാന്‍ വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുന്ന ഈ ഹാക്കത്തോണ്‍ അവരുടെ പ്രതിഭ തെളിയിക്കാന്‍ മികച്ച വേദിയാകും. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹായത്തോടെ ബാങ്കിങ്ങിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന നൂതനാശയങ്ങള്‍ ഈ വേദിയിലൂടെ പുറത്തുവരുമെന്ന് പ്രത്യാശിക്കുന്നു. ഐഐടി ഡൽഹി കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സുബോധ് ശര്‍മ പറഞ്ഞു.
നൂതനാശയങ്ങളുടെ മത്സരത്തിനൊപ്പം നടക്കുന്ന അനുബന്ധ പരിപാടികളും നെറ്റ്‌വര്‍ക്കിങ് മീറ്റും പാനല്‍ ചര്‍ച്ചകളും പങ്കെടുക്കുന്നവര്‍ക്ക് മികച്ച അനുഭവം നല്‍കും. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും https://southindianbank.com/finathon/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.