വിദേശത്തുനിന്ന് അശ്ലീല സന്ദേശങ്ങള്‍ അയച്ച സംഭവം; പരാതി നല്കി അരിത ബാബു, മാപ്പ് പറഞ്ഞ് തലയൂരാന്‍ ശ്രമിച്ച് പ്രവാസി
മലപ്പുറം: ഖത്തറില്‍ നിന്ന് വീഡിയോ കോള്‍ വഴി അശ്ലീല ദൃശ്യങ്ങള്‍ അയച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. മലപ്പുറം അമരമ്പലം സ്വദേശി ഷമീറാണ് അശ്ലീല സന്ദേശമയച്ചത്. പ്രവാസി മാപ്പ് പറഞ്ഞ് തലയൂരാന്‍ ശ്രമിച്ചെങ്കിലും കേസുമായി മുന്നോട്ട് പോകുമെന്ന് അരിത വ്യക്തമാക്കി.
കായംകുളം ഡി വൈ എസ് പി ഓഫീസില്‍ നേരിട്ട് എത്തിയാണ് അരിത പരാതി നല്‍കിയത്. ഒരു പെണ്‍കുട്ടിക്കെതിരെയും ഇയാള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അതിനാലാണ് പരാതി നല്‍കിയതെന്നും അരിത പറഞ്ഞു. ഫോണിലേയ്ക്ക് വാട്സാപ്പ് കോള്‍ വഴിയാണ് അശ്ലീല സന്ദേശം അയച്ചത്. വിളിക്കുന്നത് ആരാണെന്നു ചോദിച്ചപ്പോള്‍ പ്രതികരിക്കാതെ വിഡിയോ കോള്‍ ആവര്‍ത്തിക്കുകയായിരുന്നെന്ന് അരിത പറയുന്നു. വിളിക്കുന്നയാളുടെ മുഖം ഫോണ്‍ ക്യാമറയില്‍ നിന്ന് മറച്ചു വിളി തുടര്‍ന്നു. വിളിച്ചയാളുടെ ഫോണ്‍ നമ്പര്‍ സുഹൃത്തുക്കള്‍ക്ക് കൈമാറിയെന്നും അവര്‍ വിളിച്ചപ്പോള്‍ ആളുടെ മുഖം പതിഞ്ഞുവെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ അരിത വ്യക്തമാക്കിയിരുന്നു.