Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആഗോള ക്ഷയരോഗ നിവാരണത്തിൽ സ്വകാര്യ മേഖലയുടെ വർദ്ധിച്ച പിന്തുണ അനിവാര്യം: ഡോ: തെരേസാ കസീവ

07:40 PM Nov 14, 2023 IST | Veekshanam
Advertisement

ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്ന രീതിയിൽ ആഗോളതലത്തിൽ ക്ഷയരോഗ നിവാരണം സാദ്ധ്യമാകണമെങ്കിൽ സ്വകാര്യ ആരോഗ്യ മേഖലയുടെ ശക്തമായ പിന്തുണയും ഇടപെടലും അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ക്ഷയരോഗ വിഭാഗം മേധാവി ഡോ: തെരേസാ കസീവ അഭിപ്രായപ്പെട്ടു. ക്ഷയരോഗ നിവാരണ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്ക് ഉറപ്പാക്കുന്ന ആഗോള സമിതിയുടെ പാരിസിൽ നടന്ന വാർഷിക യോഗത്തിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു ഡോ: തെരേസ. ലോകത്ത് ക്ഷയരോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിവരുകയും സ്വകാര്യ ചികിത്സാമേഖല അതിവേഗത്തിൽ വളരുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തിൽ ക്ഷയരോഗം കൂടുതലുള്ള രാജ്യങ്ങളിലെ മുഴുവൻ ആരോഗ്യ സംവിധാനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും വർദ്ധിച്ച ഉത്തരവാദിത്വം ഉള്ളതായി ആഗോള സമിതി ഉപാദ്ധ്യക്ഷൻ ഡോ: എസ്.എസ്. ലാൽ ചൂണ്ടിക്കാട്ടി. ലോകത്ത് കഴിഞ്ഞ വർഷം ക്ഷയരോഗ ബാധിതരായവരിൽ 31 ലക്ഷം പേരുടെ വിവരങ്ങൾ അതത് രാജ്യങ്ങളിലെ ആരോഗ്യവകുപ്പുകൾക്ക് ലഭിക്കാതെ പോയത് വലിയ തിരിച്ചടിയാണെന്നും ഡോക്ടർ ലാൽ പറഞ്ഞു. പ്രധാനമായും നിർദ്ധന രാജ്യങ്ങളിൽ സ്വകാര്യാശുപത്രികളെ സമീപിക്കുന്ന ക്ഷയരോഗികൾക്ക് സൗജന്യവും ഉന്നത നിലവാരമുള്ളതുമായ ക്ഷയരോഗ ചികിത്സ ലഭിക്കുന്നതിന് ഇതൊരു തടസമാണ്.

Advertisement

കഴിഞ്ഞവർഷം ലോകത്താകമാനം ഒരു കോടിയിലധികം (10.6 ദശലക്ഷം) പേർക്ക് ക്ഷയരോഗം പിടിപെട്ടതായും പതിമൂന്ന് ലക്ഷം പേർ ക്ഷയരോഗം മൂലം മരിച്ചതായും കണക്കാക്കപ്പെടുന്നു. മുൻവർഷത്തേക്കാൾ മൂന്ന് ലക്ഷം പേർക്ക് അധികമായി ക്ഷയരോഗമുണ്ടായി. ലോകത്ത് നേരിയ തോതിൽ കുറഞ്ഞു കൊണ്ടിരുന്ന ക്ഷയരോഗ ബാധിതരുടെ എണ്ണം വീണ്ടും ഉയരാൻ കാരണമായത് കൊവിഡ്‌ രോഗത്തിന്റെ വ്യാപനമാണ്. പെട്ടെന്ന് വ്യാപിച്ച കൊവിഡ് രോഗം നിരവധി വർഷങ്ങളായി രാജ്യങ്ങൾ ക്ഷയരോഗ നിവാരണ രംഗത്ത് നടത്തി വന്ന പ്രവർത്തനങ്ങളെ തടസപ്പെടുത്തി. അപ്രതീക്ഷിതമായി വന്ന കൊവിഡിനെ നേരിടാൻ വേണ്ടിവന്ന അധിക പണച്ചെലവ് ക്ഷയരോഗ നിവാരണ പരിപാടികളെ സാമ്പത്തികമായി ബാധിച്ചു. ആശുപത്രികളുടെയും ആരോഗ്യ പ്രവർത്തകരുടെയും പ്രധാന ശ്രദ്ധ കൊവിഡിൽ പതിഞ്ഞത് ക്ഷയരോഗ നിർണ്ണയത്തെയും ചികിത്സയെയും പ്രതികൂലമായി ബാധിച്ചു. കൊവിഡ് വ്യാപനം കാരണം ക്ഷയരോഗ പരിശോധനയിലും ചികിത്സയിലും ഉണ്ടാകാവുന്ന പ്രശ്നങ്ങൾ മുൻകൂട്ടിയറിഞ്ഞ് പ്രവർത്തിക്കുന്നതിൽ നിരവധി രാജ്യങ്ങൾക്ക് വീഴ്ചയുണ്ടായി. പ്രതിവർഷം ലോകത്ത് ക്ഷയരോഗം ബാധിക്കുന്നവരിൽ 27% പേരും ഇന്ത്യയിലാണെന്നത് ആഗോള ക്ഷയരോഗ നിവാരണത്തിൽ ഇന്ത്യയ്ക്കുള്ള അധിക ഉത്തരവാദിത്വത്തെ സൂചിപ്പിക്കുന്നു. മൂന്ന് ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ വർഷം രാജ്യത്ത് ക്ഷയരോഗം വന്ന് മരിച്ചത്.

Advertisement
Next Article