സ്വാതന്ത്ര്യ ദിനം: രാഷ്ട്രത്തിന്റെ അഭിമാന ഗാഥ
ലോകം ഉറങ്ങിക്കിടന്നപ്പോൾ ഒരു രാഷ്ട്രം അതിന്റെ സ്വാതന്ത്ര്യ സ്വപ്നങ്ങളിലേക്ക് ചിറകുവിടർത്തി. 1947 ഓഗസ്റ്റ് മാസം പതിനാലാം തീയതി അർദ്ധരാത്രി ഇന്ത്യ ഉണർന്നത് അതുവരെ നേരിട്ട അസമത്വത്തിൽ നിന്നും പരിപൂർണ്ണ സ്വാതന്ത്ര്യത്തിന്റെ പുതിയ പ്രഭാതത്തിലേക്ക് ആയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സ്മരണ പുതുക്കുന്ന മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി നമുക്ക് മുൻപിലേക്ക് കടന്നുവരുമ്പോൾ അതിനുവേണ്ടിയുള്ള പോരാട്ടങ്ങളിൽ ജീവത്വാഗം വരിച്ച അനശ്വര രക്തസാക്ഷികളെ നന്ദിയോടെ ഓർമിക്കാം.
അവരുടെ ഉജ്വലമായ നിച്ഛയദാർഡ്യമാണ് ഈ രാഷ്ട്രത്തിന്റെ ജീവവായു. നമ്മുടെ സ്വാതന്ത്ര്യം എളുപ്പത്തിൽ നേടിയെടുത്ത ഒന്നല്ല. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് തുടങ്ങി നിരവധി നേതാക്കളുടെ നീണ്ട വർഷത്തെ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും ഫലമായിരുന്നു അത്. അവർ പോരാടിയത് വെറും ആയുധങ്ങൾ കൊണ്ടല്ല, മറിച്ച് ശക്തമായ ആദർശങ്ങൾ, നീതിയിലുള്ള വിശ്വാസം, ഒരു സ്വതന്ത്ര രാഷ്ട്രത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ എന്നിവയുടെ കരുത്തോടെയാണ്. അവരുടെ ആത്മസമർപ്പണവും പ്രതിബദ്ധതയും ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു. ഈ സ്വാതന്ത്ര്യ ദിനം നാം ആഘോഷിക്കുമ്പോൾ, നമ്മുടെ രാജ്യത്തിന്റെ വളർച്ചയ്ക്ക് ക്രിയാത്മകമായി സംഭാവന ചെയ്യുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. നമ്മുടെ രാജ്യത്തിന്റെ പൈതൃകത്തെയും വൈവിധ്യത്തെയും ഏകത്വത്തെയും ബഹുമാനിക്കുന്ന ഉത്തരവാദിത്തമുള്ള പൗരന്മാരാകാൻ നമുക്ക് പരിശ്രമിക്കാം, ജയ് ഹിന്ദ്.