ഇന്ദിരയായി തിളങ്ങി അജിത ശിവപ്രസാദ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവം
ആദർശ് മുക്കട
മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളുമായിരുന്ന ഇന്ദിരാ ഗാന്ധിയുമായി രൂപസാദൃശ്യമുള്ള അജിത ശിവപ്രസാദ് കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ കൗതുക കാഴ്ചയാണ്. എറണാകുളം വെണ്ണല സ്വദേശിയാണ് അജിത ശിവപ്രസാദ്. വർഷങ്ങൾക്ക് മുമ്പ് തന്നെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു അജിത. അങ്ങനെയിരിക്കെ ഒരു വഴിപാടിന്റെ ഭാഗമായി തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തിരുന്നു. അതിനുശേഷം ഇൻസ്റ്റഗ്രാമിലും മറ്റും റീലുകൾ പോസ്റ്റ് ചെയ്തപ്പോഴാണ് പലരും ഇന്ദിരാ ഗാന്ധിയുമായി രൂപസാദൃശ്യമുള്ള കാര്യം കമന്റുകളായി രേഖപ്പെടുത്തിയത്. ആദ്യമൊന്നും വലിയ കാര്യമായി എടുത്തില്ലെങ്കിലും പിന്നീട് കമന്റുകളുടെയും അത്തരം അഭിപ്രായങ്ങളുടെയും എണ്ണം വർദ്ധിച്ചുവന്നു. അങ്ങനെയിരിക്കെ ഒരിക്കൽ ഇന്ദിരാഗാന്ധി മുമ്പ് നടത്തിയ ഒരു പ്രസംഗം അജിത റീലായി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വീഡിയോ വളരെ വേഗത്തിൽ വൈറൽ ആകുകയായിരുന്നു. മികച്ച പ്രതികരണങ്ങൾ വന്നതോടെ വീണ്ടും സമാനമായ റീലുകൾ വീണ്ടും ചെയ്തു. ചെറുപ്പം മുതൽക്കേ തനിക്ക് ഇന്ദിരാ ഗാന്ധിയെ ഇഷ്ടമായിരുന്നുവെന്നും പിന്നീട് കൂടുതൽ ശ്രമിച്ചെന്നും ഇപ്പോൾ ജീവനുതുല്യം ഇഷ്ടപ്പെടുന്നുവെന്നും അജിത പറയുന്നു.
'ഞാൻ ജനിച്ചതും വളർന്നതും കോൺഗ്രസ് പശ്ചാത്തലമുള്ള ഒരു കുടുംബത്തിലാണ്. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽക്കേ ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും ശ്രദ്ധാപൂർവ്വം വീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിലനിന്നിരുന്ന ജനാധിപത്യത്തിനും മതേതരത്വത്തിനും ഇന്ന് മൂല്യച്യുതി സംഭവിച്ചിട്ടുണ്ട്. അത്തരം ആശയധാരകളെ മുറുകെപ്പിടിച്ച നേതാവായിരുന്നു ഇന്ദിരാഗാന്ധി. പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കാണുവാൻ കഴിഞ്ഞ നിമിഷം എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒന്നായി കരുതുന്നു. 'പ്രിയങ്ക ഗാന്ധിയെ കണ്ട നിമിഷം സന്തോഷം കൊണ്ട് സംസാരിക്കുവാൻ വാക്കുകൾ പോലും കിട്ടുന്നില്ലായിരുന്നു. പ്രിയങ്ക തന്നെ ചേർത്തുപിടിച്ച് തന്റെ മുടിയെ പറ്റി പറഞ്ഞത് വളരെ സന്തോഷം സമ്മാനിച്ചു. പാലക്കാട് വച്ച് രാഹുൽഗാന്ധിയെ കണ്ടപ്പോഴും സമാനമായ അനുഭവം തന്നെയാണ് ഉണ്ടായത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സ്ഥാനാർത്ഥികൾക്ക് വേണ്ടി സജീവമാണ് അജിത. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠനുവേണ്ടിയും പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് വേണ്ടിയും അജിത പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഭർത്താവ് ശിവപ്രസാദിന്റെയും മക്കളായ ആദിത്തിന്റെയും അർജുന്റെയും നിറഞ്ഞ പ്രോത്സാഹനത്തെ പറ്റിയും അജിത പറയുന്നു.