നീറ്റ് വിഷയം; ഇരുസഭകളിലും നാളെ അടിയന്തര പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളിലും നീറ്റ് പരീക്ഷ വിഷയത്തില്‍ നാളെ അടിയന്തര പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന 'ഇന്ത്യ' സഖ്യകക്ഷികളുടെ യോഗത്തിലാണ് തീരുമാനം. നീറ്റ്, പണപ്പെരുപ്പം, തൊഴിലില്ലായ്മ, സിബിഐ, ഇഡി, ഗവര്‍ണറുടെ ഓഫീസ് എന്നിവയുടെ ദുരുപയോഗം എന്നിവയും സഭയിൽ ഉന്നയിക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തിന്മേലുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷം വിഷയങ്ങള്‍ ഉന്നയിക്കും. തിങ്കളാഴ്ച പാര്‍ലമെന്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഒത്തുകൂടാനും യോഗത്തില്‍ ധാരണയായതായി നേതാക്കള്‍ അറിയിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗമായാലും സ്പീക്കറുടെ തിരഞ്ഞെടുപ്പായാലും പാര്‍ലമെന്റില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് യോഗത്തിന് ശേഷം പറഞ്ഞു. നീറ്റ് വിഷയത്തില്‍ നാളെ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കുമെന്ന് ഡിഎംകെ എംപി ടി ശിവ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിനിടെ നീറ്റ്, യുജിസി, നെറ്റ്, സിഎസ്‌ഐആര്‍ യുജിസി-നെറ്റ്, നീറ്റ് പിജി പരീക്ഷകള്‍ റദ്ദാക്കല്‍ എന്നിവയിലെ ക്രമക്കേട് ആരോപണത്തിൽ സര്‍ക്കാര്‍ വിമര്‍ശനത്തിന് വിധേയരാണെന്നും ഇന്ത്യ മുന്നണി നേതാക്കള്‍ പറഞ്ഞു.