ലോകത്തിന്റെ പരിവര്‍ത്തനത്തില്‍ ഇന്ത്യ മുന്‍നിരയില്‍; രാജ്യത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി ഇന്ത്യയിലെത്തിയതിന്റെ വീഡിയോ പങ്കുവച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ലോകത്തിന്റെയാകെ പരിവര്‍ത്തനത്തില്‍ ഇന്ത്യ എന്നും മുന്‍പന്തിയിലായിരിക്കുമെന്നും ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഫ്രാന്‍സ് ആഗ്രഹിക്കുന്നുണ്ടെന്നും വീഡിയോയില്‍ മാക്രോണ്‍ പറയുന്നു.
ഡല്‍ഹിയില്‍ നടന്ന 75-ാം റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായിരുന്ന ഇമ്മാനുവല്‍ മാക്രോണ്‍. ഇന്ത്യയില്‍ നടത്തിയ വിശേഷപ്പെട്ട ഒരു യാത്രയിലേക്കുള്ള തിരിഞ്ഞുനോട്ടമാണെന്ന അടിക്കുറിപ്പോടെയാണ് എക്സില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പ്രധാനമന്ത്രി ആതിഥ്യമരുളുന്നതും, പ്രാദേശിക വിഭവങ്ങള്‍ ആസ്വദിക്കുന്നതും, ജയ്പൂരില്‍ നടത്തിയ യാത്രയുടേയും, റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങളുമാണ് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ചും വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരമൊരു ദിവസത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലൂടെ അങ്ങേയറ്റം ബഹുമാനിക്കപ്പെട്ടു. ഇത് എന്നും ഞങ്ങളുടെ ഓര്‍മ്മകളില്‍ ഉണ്ടായിരിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് വിവിധ മേഖലകളില്‍ സഹകരണവും പങ്കാളിത്തവും വര്‍ദ്ധിപ്പിച്ചു. ഇന്ത്യയില്‍ ഇനിയും നിക്ഷേപങ്ങള്‍ നടത്താനാണ് ഫ്രാന്‍സ് ആഗ്രഹിക്കുന്നത്. ഇപ്പോഴുള്ള ബന്ധം ഏറ്റവും മികച്ചതാണെങ്കിലും ഇനിയും നമുക്ക് ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും മാക്രോണ്‍ കുറിച്ചു.