Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്ത്യ- ഓസീസ് ഫൈനൽ ഞായറാഴ്ച രണ്ടിന്

06:48 AM Nov 17, 2023 IST | veekshanam
Advertisement

കൊൽക്കത്ത: ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും കാലിടറി. അതോ‌ടെ ഇന്ത്യ-ഓസ്ട്രേലിയ ഫൈനലിനു വഴിയൊരുങ്ങി. നവംബർ 19ന് ഉച്ചയ്ക്ക് രണ്ടിന് അഹമ്മദാബാദിലാണു ഫൈനൽ. കൊൽക്കത്തയിൽ നടന്ന രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകർത്താണ് ഓസ്ട്രേലിയ ലോകകപ്പിൽ എട്ടാം ഫൈനലിന് യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 16 പന്ത് ബാക്കി നിർത്തി ഓസീസ് മറികടന്നു.
തുടക്കത്തിൽ തകർത്തടിച്ച ട്രാവിസ് ഹെഡും ഡേവിഡ് വാർണറും ഓസീസിന് മികച്ച തുടക്കമിട്ടു. എന്നാൽ ടബ്രൈസ് ഷംസിയും കേശവ് മഹാരാജും പന്തെറിയാനെത്തിയതോടെ തകർന്നടിഞ്ഞ ഓസീസ് 137-5 ലേക്ക് വീണെങ്കിലും സ്റ്റീവ് സ്മിത്തും ജോഷ് ഇംഗ്ലിസും ചേർന്ന് ഓസീസിനെ വിജയത്തിന് അടുത്തെത്തിച്ചു. വിജയത്തിനടുത്ത് സ്മിത്തും ഇംഗ്ലിസും മടങ്ങിയെങ്കിലും പതറാതെ പൊരുതിയ മിച്ചൽ സ്റ്റാർക്കും പാറ്റ് കമിൻസും ചേർന്ന് ഓസീസിനെ വിജയവര കടത്തി.തുടക്കത്തിൽ തകർത്തടിച്ച് 48 പന്തിൽ 62 റൺസെടുത്ത ട്രാവിസ് ഹെഡിൻറെ ഇന്നിംഗ്സാണ് ഓസീസ് വിജയത്തിൽ നിർണായകമായത്. സ്കോർ ദക്ഷിണാഫ്രിക്ക 49.4 ഓവറിൽ 212ന് ഓൾ ഔട്ട്, ഓസ്ട്രേലിയ 47.2 ഓവറിൽ 215-7. ഇത് അഞ്ചാം തവണയാണ് ദക്ഷിണാഫ്രിക്കക്ക് ലോകകപ്പ് സെമിയിൽ കാലിടറുന്നത്.

Advertisement

ചെറിയ വിജയലക്ഷ്യമായിരുന്നെങ്കിലും സ്പിന്നർമാർ പന്തെറിയാനെത്തിയാൽ പാടുപെടുമെന്ന് തിരിച്ചറിഞ്ഞ ഓസീസ് ഓപ്പണർമാരായ ഡേവിഡ് വാർണറും ട്രാവിസ് ഹെഡും തകർത്തടിച്ചാണ് തുടങ്ങിയത്.ആദ്യ ആറോവറിൽ 60 റൺസാണ് ഇരുവരും അടിച്ചെടുത്തത്. 18 പന്തിൽ 29 റൺസെടുത്ത ഡേവിഡ് വാർണറെ എയ്ഡൻ മാർക്രം ബൗൾഡാക്കിയതിന് പിന്നാലെ മിച്ചൽ മാർഷിനെ റബാഡ പൂജ്യത്തിന് പുറത്താക്കിയതോടെ ഓസീസ് ഞെട്ടി.
എന്നാൽ ഒരറ്റത്ത് തകർത്തടിച്ച ഹെഡിനെ ക്യാച്ചുകൾ കൈവിട്ട് ദക്ഷിണാഫ്രിക്കൻ ഫീൽഡർമാരും തുണച്ചു. 40 പന്തിൽ അർധസെഞ്ചുറി തികച്ച ഹെഡിനെ ഒടുവിൽ കേശവ് മഹാരാജ് ക്ലീൻ ബൗൾഡാക്കിയതോടെയാണ് ദക്ഷിണാഫ്രിക്കക്ക് ശ്വാസം നേരെ വീണത്. അപ്പോഴേക്കും ഓസീസ് 107ൽ എത്തിയിരുന്നു.

മാർനസ് ലാബുഷെയ്നും സ്റ്റീവ് സ്മിത്തും ചേർന്ന് ഓസീസിനെ കരകയറ്റുമെന്ന് കരുതിയെങ്കിലും സ്പിന്നർമാർക്കെതിരെ ഇരുവരും പതറി. ഒടുവിൽ ലാബുഷെയ്നിനെ(18) വിക്കറ്റിന് മുന്നിൽ കുടുക്കിയ ഷംസി പിന്നാലെ മാക്സ്‌വെല്ലിനെ(1) കൂടി ബൗൾഡാക്കി ഓസീസിനെ പ്രതിരോധത്തിലാക്കി. സ്മിത്തും ഇംഗ്ലിസും ചേർന്നതോടെ ഓസീസ് വിജയത്തിലേക്ക് പതുക്കെ മുന്നേറി. ഇരുവരും ചേർന്ന് 37 റൺസ് കൂട്ടുകെട്ടുയർത്തി ഓസീസിനെ 174ൽ എത്തിച്ചു.

30 റൺസെടുത്ത സ്മിത്തിനെ കോയെറ്റ്സിയുടെ പന്തിൽ ഡി കോക്ക് പിടികൂടി. പിന്നീടെത്തിയ മിച്ചൽ സ്റ്റാർക്ക് ഇംഗ്ലിസിന് മികച്ച പിന്തുണ നൽകി. ഇംഗ്ലിസിനെ(28) ബൗൾഡാക്കി കോയേറ്റ്സി ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷ നൽകിയെങ്കിലും മിച്ചൽ സ്റ്റാർക്കും(16), പാറ്റ് കമിൻസും(14) ചേർന്ന് ഓസ്ട്രേലിയയെ എട്ടാം ഫൈനലിലേക്ക് നയിച്ചു.ദക്ഷിണാഫ്രിക്കക്കായി കോയെറ്റ്സിയും ഷംസിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ മുൻനിര അവിശ്വസനീയമായി തകർന്നടിഞ്ഞപ്പോൾ സെഞ്ചുറിയുമായി പൊരുതി ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്കോറിലെത്തിച്ചത്. 24-4 എന്ന സ്കോറിൽ ക്രീസിലെത്തിയ മില്ലർ 101 റൺസെടുത്ത് 48-ാം ഓവറിൽ പുറത്താവുമ്പോൾ ദക്ഷിണാഫ്രിക്ക 200 കടന്നിരുന്നു. 116 പന്തിൽ എട്ട് ഫോറും അഞ്ച് സിക്സും പറത്തി മില്ലർ 101 റൺസടിച്ചപ്പോൾ 47 റൺസെടുത്ത ഹെൻറിച്ച് ക്ലാസനും ദക്ഷിണാഫ്രിക്കക്കായി പൊരുതി. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും നായകൻ പാറ്റ് കമിൻസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ട്രാവിസ് ഹെഡും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Advertisement
Next Article